കളമശേരി: പൊതുജനങ്ങൾക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കാനായി കുസാറ്റ് സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് ടെലി ലീഗൽ എയ്ഡ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. സാധാരണ ജനങ്ങൾക്ക് അധികാരകേന്ദ്രങ്ങളിലോ കോടതികളിലോ പരാതി നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായിക്കാനാണ് ടെലി ലീഗൽ എയ്ഡ് ക്ലിനിക് ലക്ഷ്യമിടുന്നത്. ഏതെങ്കിലും വിഷയത്തിൽ നിയമസഹായം ആവശ്യമുള്ളവർക്ക് നേരിട്ടോ ഫോൺ വഴിയോ ഇമെയിൽ വഴിയോ ടെലി ലീഗൽ എയ്ഡ് ക്ലിനിക്കുമായി ബന്ധപ്പെടാം. സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥികളാണ് ടെലി ലീഗൽ എയ്ഡ് ക്ലിനിക്കിന്റെ പ്രവർത്തനത്തിലെ പ്രധാനികൾ.
ദൈനംദിന നിയമ വിഷയങ്ങളിൽ ഇടപെടുക വഴി സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥികൾക്ക് പ്രവർത്തന തലത്തിൽ നിയമപരിശീലനവും സാധാരണക്കാരന്റെ പ്രശ്‌നങ്ങളിൽ എങ്ങനെ ഇടപെടണമെന്ന പൊതുബോധവും ഉണ്ടാക്കുന്നതിനുവേണ്ടിയാണ് ഈ പ്രവർത്തനത്തിന് തുടക്കമിട്ടതെന്ന് സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് മേധാവി ഡോ. വാണി കേസരി പറഞ്ഞു. കേരള ഹൈക്കോടതി അഡീ. ജഡ്ജി ഡോ. കൗസർ എടപ്പഗത്ത് ക്ലിനിക്കിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.