
മുംബയ്: കൊവിഡ് മഹാമാരി തകർത്തെറിഞ്ഞ രാജ്യത്തെ റീട്ടെയിൽ മേഖല പൂർവസ്ഥിതിയിലേക്കെത്തുന്നതായി കണക്കുകൾ. റീട്ടെയ്ൽ അസോസിയേഷൻ ഒഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച സർവേ റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
ലോക്ക്ഡൗൺ ഏറ്റവുമധികം ബാധിച്ചത് രാജ്യത്തെ ചെറുകിട വ്യാപാര മേഖലയെയായിരുന്നു. പിന്നീട് മറ്റ് വാണിജ്യരംഗങ്ങളെല്ലാം മന്ദഗതിയിലാണെങ്കിലും മെച്ചപ്പെട്ടപ്പോൾ റീട്ടെയ്ൽ മേഖല തളർന്നുതന്നെ കിടന്നു. ആ സ്ഥിതിക്കാണ് ഇപ്പോൾ മാറ്റമുണ്ടായത്.
സാവധാനമാണെങ്കിലും സ്ഥിതി വളരെയേറെ മെച്ചപ്പെട്ടു. റീട്ടെയ്ൽ മേഖലയിലെ ഓരോ വിഭാഗങ്ങളും വില്പന മെച്ചപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിലെ വിറ്റുവരവിനേക്കാൾ ഏഴ് ശതമാനം മാത്രമേ ഇക്കുറി കുറവ് രേഖപ്പെടുത്തിയിട്ടുള്ളൂ. കിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ട് ശതമാനം അധികാണ് കച്ചവടം. അതേസമയം പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ 16 ശതമാനം വില്പന ഇക്കുറി കുറവാണ്.
എല്ലാ സംസ്ഥാനങ്ങളിലും ചില്ലറ വില്പനയുടെ വളർച്ച ഒരുപോലെയല്ലെങ്കിലും പൊതുവിൽ നല്ല ലക്ഷണാണ് വിപണിയിലെന്ന്
റീട്ടെയ്ൽ അസോസിയേഷൻ ഒഫ് ഇന്ത്യ വ്യക്തമാക്കുന്നു. കൊവിഡ് വാക്സിനേഷൻ വ്യാപകമാകുമ്പോൾ വില്പന പൂർവസ്ഥിതിയിലാവുകയോ അതിലും മെച്ചമാവുകയും ചെയ്യുമെന്നാണ് കരുതുന്നത്.
കൊവിഡിന് ശേഷം പരമ്പരാഗത വില്പന രീതിയൊക്കെ മാറിമറിഞ്ഞിട്ടും അതിവേഗം ചില്ലറ വിപണി മെച്ചപ്പെടുകയായിരുന്നു. ഡിജിറ്റൽ, ഓൺലൈൻ ഷോപ്പിംഗ്, സോഷ്യൽ മീഡിയ പ്രചരണം ഇവയൊക്കെ ഗുണപ്പെട്ടു.
ഗൃഹോപകരണങ്ങളുടെ വില്പനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം വർദ്ധനവുണ്ടായി. ഭക്ഷണ വിപണിയും വലിയ നേട്ടമുണ്ടാക്കി. കഴിഞ്ഞ ഫെബ്രുവരിയേക്കാൾ ഇക്കൊല്ലം 18 ശതമാനമാണ് വളർച്ച.
ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, ഫുട്‌വെയർ, സൗന്ദര്യവർദ്ധക വസ്തുക്കൾ, സ്പോർട്ട് സാമഗ്രികൾ, വെൽനസ് ഉത്പന്നങ്ങൾ എന്നിവയുടെ വില്പന ക്രമാനുഗതമായി ഉയരുകയാണെന്നും റീട്ടെയ്ൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നു.