കോലഞ്ചേരി: ഫുട്‌ബോൾ പ്രതിഭയായ കുന്നത്തുനാട്ടിലെ ഇടത് സ്ഥാനാർത്ഥി പി.വി.ശ്രീനിജിന് ഫുട്‌ബോൾ രംഗത്തെ നവാഗതരുടെ ഗുരുദക്ഷിണ. നാമനിർദ്ദേശ പത്രികയോടൊപ്പം കെട്ടി വക്കാനുള്ള തുക ദക്ഷിണയായി നൽകിയത് പുത്തൻകുരിശ് ഹണ്ടേഴ്‌സ് ക്ലബിലെ ഫുട്‌ബോൾ പ്രതിഭകളാണ്. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ശ്രീനിജിന്റെ ഇടപെടൽ മൂലമാണ് ക്ലബിന് അഫിലിയേഷൻ ലഭിച്ചതെന്നും ഇതിനുള്ള നന്ദി പ്രകടനമായാണ് കെട്ടി വക്കാനുള്ള തുക നൽകുന്നതെന്നും പ്രസിഡന്റ് കുര്യാക്കോസ് പറഞ്ഞു. പുത്തൻകുരിശ് പള്ളിക്ക് സമീപമുള്ള ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഫുട്‌ബോൾ കമന്റേറ്റർ ഷൈജു ദാമോദരനും ക്ലബിലെ മുഴുവൻ ഫുട്‌ബോൾ പ്രതിഭകളും ചേർന്ന് തുക കൈമാറി. ഇന്നലെ പത്രികാ സമർപ്പണത്തിന് ശേഷം പുത്തൻകുരിശ് പഞ്ചായത്തിലെ വരിക്കോലിയിൽ നിന്ന് തുടങ്ങിയ പര്യടനം വടവുകോട്, കാണിനാട്, പീച്ചിങ്ങച്ചിറ, പുറ്റുമാനൂർ, വേളൂർ, ബ്രഹ്മപുരം, പള്ളിമുഗൾ ചുറ്റി കരിമുകളിൽ സമാപിച്ചു. ഇന്ന് വാഴക്കുളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.