
എറണാകുളം ജില്ലയിൽ ഭൂരിപക്ഷം സീറ്റുകളും എൽ.ഡി.എഫ് നേടും. കാരണം കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ തന്നെയാണ് ഇതിന് കാരണം. മറ്റൊന്ന് ദേശീയ തലത്തിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണി എടുത്ത മതേതര നിലപാടുകളാണ്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജില്ലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കനുകൂലമായി ഒരു കുത്തൊഴുക്ക് തന്നെയുണ്ടാകും. ജില്ലയിലെ 14 മണ്ഡലങ്ങളെയും ഒന്നായി കണ്ടുള്ള വികസനം നടപ്പിലാക്കിയത് ജനങ്ങൾ കാണുന്നുണ്ട്. മെട്രോ റെയിൽ വികസനം, പാലാരിവട്ടം പാലം പുനർനിർമ്മാണം, കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങൾ, അടുത്ത 25 കൊല്ലത്തേക്ക് വൈദ്യുതി പ്രതിസന്ധി ഇല്ലാതാക്കാനായത്, ഗെയിൽ പൈപ്പ് ലൈൻ പൂർത്തീകരണം, വാട്ടർ മേട്രോയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചത്, സ്കൂളുകൾ ഹൈടെക്കാക്കിയത്. റേഷൻ കാർഡുകളുടെ കാലതാമസം ഒഴിവാക്കിയത്, പെൻഷൻ വർദ്ധനവ്, ശമ്പള പരിഷ്കരണം, മഹാമാരിയെ നേരിടാൻ കഴിഞ്ഞത് ഇതൊക്കെ വലിയ നേട്ടങ്ങളാണ്. നിയോജക മണ്ഡലം കൺവെൻഷനുകളും ബൂത്ത് കൺവെൻഷനുകൾ വരെയും നടന്ന് കഴിഞ്ഞു. എൽ.ഡി.എഫ് അഭ്യർത്ഥനയുമായി വീട് കയറി പ്രചരണം പൂർത്തിയായി. സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയുമായുള്ള പ്രചാരണം ഞായറാഴ്ചയോടെ പൂർത്തിയാകും.
ജോർജ്ജ് ഇടപ്പരത്തി
കൺവീനർ
എൽ .ഡി .എഫ്
കഴിഞ്ഞ തവണ ഞങ്ങൾക്ക് നഷ്ടപ്പെട്ട അഞ്ച് സീറ്റുകളും തിരിച്ച് പിടിക്കാൻ കഴിയുന്ന മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ ഇത്തവണ കഴിയും. ജില്ലയിലെ യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളെല്ലാം ഈ വിജയം കൈവരിക്കാൻ കഴിവുള്ളവരാണ്. കള്ളശേരി മണ്ഡലത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. അത് പരിഹരിച്ചു. അവിടെ റിബലുണ്ടാകില്ല. വികസനത്തിന്റെ കാര്യത്തിലും ജനങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും ഇബ്രാഹിം കുഞ്ഞ് വളരെ മുന്നിലായിരുന്നു. വൈപ്പിനിലും സ്ഥാനാർത്ഥിയെ നിശ്ചയിച്ച് വളരെ മുന്നോട്ട് പോയി. തൃപ്പൂണിത്തുറയിൽ ഇത്തവണ ബാബു വിജയിക്കും. അവിടെ ശബരിമല ഒരു ഗൗരവമായ വിഷയമായി നിൽക്കുന്ന മണ്ഡലമാണ്. ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ട് കിട്ടില്ല. കോതമംഗലവും ഇത്തവണ തിരിച്ച് പിടിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയാണ്. എന്നാൽ എൽ.ഡി.എഫിൽ പാർട്ടി അണികൾ അംഗീകരിക്കാത്ത സ്ഥാനാർത്ഥികളാണ്. തൃക്കാക്കര, എറണാകുളം, പിറവം, ആലുവ തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ സി.പി.എം സ്ഥാനാർത്ഥി ദൗർബല്യമുള്ള പാർട്ടിയായി മാറിയതായി മനസ്സിലാക്കാം. എന്നാൽ പിറവത്താകട്ടെ സഖ്യകക്ഷിക്ക് സീറ്റും കൊടുത്തു, സ്ഥാനാർത്ഥിയെയും കൊടുത്തു. പിന്നെ ട്വന്റി 20 പോലുള്ള സംഘടനകൾ ഒരു കോർപ്പറേറ്റ് സ്ഥാപനമായി മാത്രമെ കാണാൻ കഴിയു.
ഡൊമിനിക് പ്രസന്റേഷൻ
ചെയർമാൻ
യു.ഡി.എഫ്
ഇത്തവണ ജില്ലയിൽ താമര വിരിയിക്കാൻ വേണ്ടിയുള്ള പോരാട്ടം തന്നെയാണ് നടത്തുന്നത്. ജയിക്കാൻ വേണ്ടിയുള്ള മത്സരത്തിനായി അനുയോജ്യരായ സ്ഥാനാർത്ഥികളെ തന്നെ നിർത്തിയിരിക്കുകയാണ്. തൃപ്പൂണിത്തുറ, പറവൂർ, വൈപ്പിൻ, ആലുവ, പെരുമ്പാവൂർ, കളമശേരി തുടങ്ങിയ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടമാണ്. എറണാകുളം ജില്ലയിൽ കഴിഞ്ഞ ഒരു വർഷമായി തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് പ്രവർത്തനം നടത്തുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിലും ജില്ലയിലെ നഗരസഭകളിലും നല്ല പ്രകടനം കാഴ്ചവെക്കാനായി. തൃപ്പൂണിത്തുറയിൽ പാർട്ടി പ്രധാന പ്രതിപക്ഷമായി മാറി. ആദ്യമായി ബ്ലോക്ക് പഞ്ചായത്തിൽ വിജയിച്ചു. ഇതിന്റെ തുടർച്ച എന്ന നിലയിൽ നിയമസഭാ തിരഞ്ഞെടുപ്പിലും ദേശീയ ജനാധിപത്യ സഖ്യം വിജയിക്കും. ഇരുമുന്നണികളും ജില്ലയിൽ നിന്ന് വിജയിച്ച് പോയിട്ട് ജില്ല വികസന മുരടിപ്പിൽ തന്നെയാണ്. കൊച്ചിയുടെ മുഖഛായ മാറി തുടങ്ങിയത് മോദി സർക്കാർ വന്ന ശേഷമാണ്. മെട്രോയുടെ കാര്യമെടുത്താൽ ഏറ്റവും ഒടുവിൽ കാക്കനാട്ടേക്ക് പദ്ധതി നീട്ടാൻ ബജറ്റിൽ ഫണ്ട് അനുവദിച്ചു. അന്താരാഷ്ട്ര തലത്തിൽ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ കഴിയുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. മോദി സർക്കാരിന്റെ ഈ വികസന കാഴ്ച്ചപ്പാട് നടപ്പിലാക്കാനാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്.
എസ്. ജയകൃഷ്ണൻ
ചെയർമാൻ
എൻ.ഡി.എ
സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങൾ കണ്ട് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചത്. ഒരു നേരത്തെ ഭക്ഷണം ലഭിക്കാത്തവർ, കേറി കിടക്കാനിടമില്ലാത്തവർ, ശൗചാലയമില്ലാത്തവർ ഇവരുടെ ശോചനീയാവസ്ഥ നാടിന്റെ ശോചനീയാവസ്ഥയാണ് എന്ന് കണ്ട് അവർക്കെന്തെങ്കിലും ചെയ്യാനാണ് രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയത്. അത് ഒരു പഞ്ചായത്തിന്റെ ഭരണം നേടി, കൂടുതൽ പഞ്ചായത്തുകളിലെത്തി. ഇപ്പോൾ നിയമസഭയിലേക്കും മത്സരിക്കുന്നു. ഏറ്റവും വലിയ പ്രശ്നം ഇന്ന് അഴിമതിയാണ്. അഴിമതി തുടച്ച് നീക്കാൻ കഴിഞ്ഞാൽ നമ്മുടെ നാട് 80 ശതമാനം വിജയിച്ചു. മറ്റൊന്ന് ധൂർത്ത് ആണ്. നമ്മുടെ നാട്ടിൽ ഓരോ കുട്ടിയും പിറക്കുന്നത് 85000 രൂപയുടെ കടവുമായാണ്. ഇന്നത്തെ നിലയിൽ മുന്നോട്ട് പോയാൽ നമ്മുടെ നാട്ടിലെ ട്രഷറി അടച്ചു പൂട്ടേണ്ടി വരും. ശമ്പളവും പെൻഷനും മുടങ്ങും. വികസന പ്രവർത്തനങ്ങൾ ഇല്ലാതാകും. അതു കൊണ്ട് ഞങ്ങൾ മുന്നോട്ട് വെക്കുന്ന ഒരു കാര്യം മാറ്റം വേണം എന്നതാണ്. ഇല്ലെങ്കിൽ രാജ്യം നാശത്തിലേക്ക് പോകും. നമ്മുടെ നാട്ടിലെ യുവാക്കൾ തൊഴിൽ തേടി മറ്റ് നാടുകളിലേക്ക് പോകും. 25 വർഷം കഴിഞ്ഞാൽ കേരളം പ്രായമായ അച്ഛനമ്മമാരുടെ നാടായി മാറും. ശവസംസ്കാര ചടങ്ങുകൾ പോലും നമ്മുടെ കുട്ടികൾക്ക് ഓൺലൈനായി കാണേണ്ടി വരും. വെറും പത്ത് ശതമാനം പേർ മാത്രമാണ് രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നത്. ബാക്കി 90 ശതമാനം സാധരണക്കാർ ഞങ്ങളോടൊപ്പം നിൽക്കും.
സാബു എം.ജേക്കബ്ബ്
ചീഫ് കോ ഓർഡിനേറ്റർ
ട്വന്റി 20