തൃശൂർ: കൂർക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ എട്ട് വ്യാജ സ്വർണവളകൾ പണയംവച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പൂമ്പാറ്റ സിനിയെയും കൂട്ടാളികളെയും തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം പള്ളുരുത്തി തണ്ടാശേരിവീട്ടിൽ ശ്രീജ (50) എന്ന പൂമ്പാറ്റ സിനി, തൃശൂർ കണിമംഗലം തച്ചറവീട്ടിൽ സുമൻ (44), തൊടുപുഴ മണക്കാട് നടുകുടിയിൽ അനൂപ് (37) എന്നിവരാണ് അറസ്റ്റിലായത്.
കണിമംഗലത്തുളള സുമൻ എന്നയാൾ രണ്ട് സ്വർണവളകൾ വീതം പണയംവച്ച് 2 ലക്ഷം രൂപ വാങ്ങിയിരുന്നു. സംശയംതോന്നിയ ബാങ്കുകാർ വളകൾ ശാസ്ത്രീയമായി പരിശോധിച്ചതിലാണ് ആഭരണങ്ങൾ വ്യാജസ്വർണമാണെന്ന് അറിഞ്ഞത്. ബാങ്ക് അധികൃതർ നിയമനടപടിക്കായി തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകാനൊരുങ്ങുന്നതിനിടെ ബാങ്കിൽ പണയം വച്ച സ്വർണം പിൻവലിക്കാൻ
അനൂപുമൊത്ത് സിനി എത്തുകയായിരുന്നു. ബാങ്ക് അധികൃതർ ഉടൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. മൂന്നുപേരെയും എസ്.ഐ: സിനോജ് അറസ്റ്റുചെയ്തു. സുമൻ എന്നയാളുടെ കൂടെയുണ്ടായിരുന്ന പൂമ്പാറ്റ സിനി നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയാണ്. ഒല്ലൂർ സ്റ്റേഷനിൽ രണ്ടുകേസും ഈസ്റ്റ്, പുതുക്കാട്, വെസ്റ്റ് സ്റ്റേഷനുകളിൽ ഓരോ കേസും സിനിയുടെ പേരിൽ നിലവിലുണ്ട്.