കൊച്ചി: ഫോർട്ടുകൊച്ചി തുരുത്തി കോളനി നിവാസികൾക്ക് ആശ്വസിക്കാം. ചുവപ്പുനാടയിൽ കുടുങ്ങിയ വീടെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേയ്ക്ക്. 11 നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ രണ്ടു നില പൂർത്തിയായി. മൂന്നാം നിലയുടെ നിർമാണം ഈമാസം പൂർത്തിയാക്കും. കരാർ ഏറ്റെടുത്ത കമ്പനി എട്ടു നിലകൾ വരെ തീർക്കും. ഇത് ഒക്ടോബറിൽ തന്നെ പൂർത്തിയാക്കും. ബാക്കി മൂന്നു നിലകൾ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമിക്കുന്നത്.
സമാന്തരമായി സ്മാർട്ട് സിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് അടുത്ത ടവർ നിർമാണവും ആരംഭിക്കും. സ്ഥലത്തിന്റെ മണ്ണുപരിശോധന കഴിഞ്ഞു. 11 നില കെട്ടിടമാണ് തൊട്ടടുത്തായി നിർമിക്കുന്നത്. രണ്ടു കെട്ടിടങ്ങളിലായി 396 കുടുംബങ്ങൾക്ക് സ്വന്തമായി വീടൊരുങ്ങും.
# തടസങ്ങൾ നീങ്ങുന്നു
കൗൺസിൽ ചുമതലയേറ്റപ്പോൾ തുരുത്തി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി സാങ്കേതികതടസങ്ങളുണ്ടായിരുന്നു. ഓരോ മാസവും പദ്ധതിയുടെ വിലയിരുത്തൽ നടത്തണമെന്ന് തീരുമാനിച്ചു. മൂന്നാമത്തെ യോഗമാണ് ഇന്നലെ നടന്നത്. തടസങ്ങൾ നീക്കി നിർമാണം ദ്രുതഗതിയിലാക്കി. ഹെൽത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ്, കോർപ്പറേഷൻ സെക്രട്ടറി, സൂപ്രണ്ടിംഗ് എൻജിനിയർ, എക്‌സിക്യുട്ടീവ് എൻജിനീയർ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
അഡ്വ.എം. അനിൽകുമാർ
മേയർ
# പ്രതീക്ഷയോടെ ചേരീനിവാസികൾ
ഫോർട്ടുകൊച്ചി രണ്ടാം ഡിവിഷനിലെ ചേരിനിവാസികളായ 396 പേരാണ് വീടിന് വേണ്ടി കാത്തിരിക്കുന്നത്. ചേരിരഹിത ഇന്ത്യ, എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പദ്ധതിയായ രാജീവ് ആവാസ് യോജന (റേയ് ) യുടെ ഭാഗമായി 2013 ഡിസംമ്പറിലാണ് തുരുത്തി കോളനിയെ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്.
11 നിലകളുള്ള രണ്ട് ഫ്റ്റാറ്റുകൾ
ഓരോ കെട്ടിടത്തിലും 198 വീടുകൾ
ഒരു ഫ്ളാറ്റിന്റെ നിർമാണ കരാർ സിറ്റ്‌കോ അസോസിയേറ്റ്‌സിന് ലഭിച്ചു
2019 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപനം
2017 ഫെബ്രുവരിയിൽ നിർമാണം ആരംഭിച്ചു
കരാർ തുക 18.5 .കോടി
2019 ഫെബ്രുവരിയിൽ പണി നിറുത്തിവച്ചു
കരാറുകാരന് ഡെപ്പോസിറ്റ് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഒന്നാം നിലയിൽ വച്ച് പദ്ധതി അവസാനിപ്പിച്ചു
പുതിയ കൗൺസിൽ വന്നതോടെ നിർമാണം പുനരാരംഭിച്ചു.
ഒന്നാം കെട്ടിടത്തിലെ മൂന്നു നിലകളും രണ്ടാമത്തെ ഫ്ളാറ്റും സി.എസ്.എം.എൽ പൂർത്തിയാക്കും.