പെരുമ്പാവൂർ: റീസർവേയിലെ പിശക് പരിഹരിക്കണമെന്നുള്ള ജില്ലാ കളക്ടറുടെ നിർദ്ദേശം നടപ്പാക്കാത്തതിനും കാലതാമസം വരുത്തിയതിന്റെയും കാരണം ഉടൻ ബോധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് കുന്നത്തുനാട് തഹസീൽദാർക്ക് ജില്ലാ കളക്ടറുടെ കാരണം കാണിക്കൽ നോട്ടീസ്. തൃക്കാക്കര സ്വദേശി ഉസ്മാൻ ഫൈസിയുടെ വെങ്ങോല വില്ലേജില്ലുള്ള സ്ഥലം' നിലം' എന്നു റീസർവേയിൽ രേഖപ്പെടുത്തിയത് പിശകാണെന്നും ഇതു പുരയിടം എന്നു തിരുത്തി നൽകണമെന്നും 2014 ജൂൺ 26ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. താലൂക്ക് ഓഫീസിലെ ഭൂരേഖ തഹസിൽദാർ വെങ്ങോല വില്ലേജ് ഓഫീസിലേക്ക് നൽകാതിരുന്നതിനെത്തുടർന്ന് പൊതു പ്രവർത്തകനായ പറവൂർ സ്വദേശി മുരുകൻ 2021 ഫെബ്രുവരി 12-ന് ജില്ലാ കളക്ടർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ കുന്നത്തുനാട് തഹസീൽദാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.