കൊച്ചി: പറവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവിന് പത്തുവർഷം കഠിനതടവും 50,000 രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. പീഡനത്തിനു കൂട്ടുനിന്ന മൂന്നാംപ്രതി ചേർത്തല തൈക്കാട്ടുശേരി കല്ലുങ്കൽ വീട്ടിൽ ഖദീജയ്ക്ക് (61) രണ്ടുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷവിധിച്ചിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ, പെൺകുട്ടിയെ പീഡിപ്പിച്ച മറ്റു പ്രതികളായ കുന്നത്തുനാട് സ്വദേശികളായ തോമസ് വർഗീസ്, സ്വരാജ് മോഹൻ, എൽദോ. കെ. മാത്യു എന്നിവരെ കോടതി വെറുതേവിട്ടു.
2010 ജൂണിൽ പെൺകുട്ടിയെ പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിച്ച് തോമസ് വർഗീസ് ഉൾപ്പെടെയുള്ള പ്രതികൾക്ക് കൈമാറിയെന്നും ഇവർ 10,000 രൂപ പ്രതിഫലം നൽകി പെൺകുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് കേസ്. പെൺകുട്ടിയെ പിതാവും പീഡിപ്പിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. തുടർന്നാണ് പിതാവിനും പീഡനത്തിനു സഹായിച്ച കുറ്റത്തിന് ഖദീജയ്ക്കും ശിക്ഷ വിധിച്ചത്. എന്നാൽ പീഡിപ്പിച്ച മറ്റുപ്രതികളെ പെൺകുട്ടി വിചാരണവേളയിൽ തിരിച്ചറിഞ്ഞിരുന്നില്ല. ഇൗ സാഹചര്യങ്ങൾ കണക്കിലെടുത്താണ് എറണാകുളം അഡിഷണൽ സെഷൻസ് കോടതി ഇവരെ വെറുതേവിട്ടത്.