കൊടുങ്ങല്ലൂർ: ശ്രീകുരുംബക്കാവിൽ ആയിരങ്ങൾ അശ്വതി കാവുതീണ്ടി. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ മീനഭരണി ആഘോഷത്തിന്റെ ഭാഗമായി നടന്ന അശ്വതി കാവുതീണ്ടൽ ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ
ജില്ലാ ഭരണകൂടവും കൊച്ചിൻ ദേവസ്വം ബോർഡും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഭക്തജനത്തിരക്കുണ്ടായിരുന്നു.

രേവതി മുതൽ ക്ഷേത്രാങ്കണത്തിലേക്ക് ഭക്തജനങ്ങൾ എത്തിത്തുടങ്ങി. അശ്വതി നാളിൽ കോമരങ്ങളും ഭക്തസംഘങ്ങളും വന്നതോടെ കുരുംബക്കാവ് രൗദ്രഭാവത്തിലമർന്നു. അശ്വതി നാളിലെ പൂജകളെല്ലാം നേരത്തെ പൂർത്തിയാക്കിയാണ് അശ്വതി നാളിലെ വിശേഷമായ തൃച്ചന്ദനച്ചാർത്ത് പൂജ നടത്തുന്നത്. കാളിയും ദാരികനുമായി നടന്ന യുദ്ധത്തിനൊടുവിൽ ദാരികനെ നിഗ്രഹിച്ച് മുറിവേറ്റത്തിയ ദേവിക്ക് നടത്തുന്ന ചികിത്സയാണ് തൃച്ചന്ദനച്ചാർത്ത്. ഭിഷഗ്വരനായ പാലക്കവേലന്റെ നിർദ്ദേശപ്രകാരം നടത്തുന്ന ചികിത്സാ രീതിയെന്നാണ് വിശ്വാസം.

അവകാശികളായ അടികൾമാരാണ് രഹസ്യ വിധിയുള്ള ഏഴര യാമം നീളുന്ന തൃച്ചന്ദനച്ചാർത്ത് പൂജ നിർവഹിച്ചത്. വ്രതം നേറ്റെത്തിയ അടികൾമാർ വലിയ തമ്പുരാനിൽ നിന്ന് അനുവാദം വാങ്ങിയ ശേഷമാണ് തൃച്ചന്ദനച്ചാർത്ത് പൂജ തുടങ്ങിയത്. ഏഴര നാഴിക നീണ്ട ശാക്തേയ പൂജയായ തൃച്ചന്ദനച്ചാർത്ത് കഴിഞ്ഞതോടെ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ കിഴക്കെ നടയിലെ നിലപാട് തറയിൽ ഉപവിഷ്ഠനായി.
തുടർന്ന് കാവ് തീണ്ടലിന് വലിയ തമ്പുരാന്റെ അനുമതി അറിയിച്ച് കോയ്മ ചുവന്ന പട്ടു കുടയുയർത്തി. ചെമ്പട്ടണഞ്ഞ് പള്ളിവാളും, അരമണിയും ധരിച്ചെത്തിയ കോമരങ്ങൾ അമ്മേ ശരണം,​ ദേവീ ശരണം വിളികളോടെ മുളംതണ്ടിൽ ക്ഷേത്രത്തിന്റെ ചെമ്പോലകളിൽ തട്ടി വലം വച്ച് കാവ് തീണ്ടിയ ശേഷം വലിയ തമ്പുരാന്റെ അനുഗ്രഹം വാങ്ങി മടങ്ങി.
ഭരണി നാളായ വ്യാഴാഴ്ച രാവിലെ ക്ഷേത്രാങ്കണത്തിൽ പട്ടാര്യ സമുദായം കുശ്മാണ്ഡബലി അർപ്പിച്ച് വെന്നിക്കൊടി നാട്ടുന്നതോടെ ആഘോഷച്ചടങ്ങുകൾ സമാപിക്കും.