കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ വിലക്ക് ലംഘിച്ച് കോഴിയെ വെട്ടിയ ഒമ്പതംഗ സംഘത്തെ പൊലീസ് ബലപ്രയോഗത്തിലൂടെ പിടികൂടി. എ.എസ്.ഐക്ക് പരിക്ക്. മലപ്പുറം ഏലംകുളം പടുവൻ തൊടി വീട്ടിൽ ബിജു (36), വളാഞ്ചേരി കുതിരക്കുന്ന് പറമ്പിൽ ഗിരീഷ് (36), പഴമള്ളൂർ ശ്രീജേഷ് (26), വടകര ചള്ളയിൽ ഷരുൺദാസ് (28), തിരൂരങ്ങാടി കണ്ണാടി തടത്തിൽ സുഭാഷ് (37), ചെങ്ങന്നൂർ വലിയ വീട്ടിൽ സുധീഷ് (35), മലപ്പുറം കോടുകുറും തല വീട്ടിൽ അനിൽ കുമാർ (40), കണ്ണൂർ മണക്കടവ് പാതാലിൽ വീട്ടിൽ രൂപേഷ് (34), മലപ്പുറം കൂട്ടിലങ്ങാടി കുറും തലവീട്ടിൽ രണ്ജിത്ത് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ക്ഷേത്രനടയിൽ പൊലീസിന്റെ കണ്ണ് വെട്ടിച്ച് കോഴിവെട്ടിയത്. ഇന്നലെ കാവ് തീണ്ടലിന് മുമ്പായി കോഴികളെ ബലിയർപ്പിച്ച ഒമ്പത അംഗ സംഘത്തെ പൊലീസ് ബലപ്രയോഗത്തിലൂടെ പിടികൂടുന്നതിനിടയിലാണ് എ.എസ്.ഐക്ക് പരിക്കേറ്റത്. വടക്കെ നടയിൽ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത യുവാക്കളെയാണ് പൊലീസ് പിടികൂടിയത്.

കോഴിയെ അറുത്ത ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാക്കൾ പൊലീസിനെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ബലപ്രയോഗത്തിനിടെ എ.എസ്.ഐ: റോയ് എബ്രഹാമിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ കോഴിയെ അറുത്ത നാലംഗ സംഘം ഓടി രക്ഷപ്പെട്ടിരുന്നു. 2019ൽ ഒരു സംഘടനയുടെ പേരിൽ കോഴിബലി പുനരാരംഭിക്കാൻ ആഹ്വാനമുണ്ടായിരുന്നു.