
കൊച്ചി: ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്. ഒരുവശത്ത് കടൽ, മറുവശത്ത് കായൽ. വെെപ്പിൻ മണ്ഡലത്തിൽ ജനങ്ങൾക്കിടയിലേയ്ക്കിറങ്ങി വേണം തിരഞ്ഞെടുപ്പ് പ്രചാരണം. മുൻപ് ഞാറയ്ക്കൽ എന്നറിയപ്പെട്ടിരുന്ന മണ്ഡലം 2011 ലാണ് വെെപ്പിനായി മാറിയത്. അന്നു മുതൽ എസ്. ശർമ്മ നിലനിറുത്തുന്ന മണ്ഡലം ഇത്തവണയും ഒപ്പം നിൽക്കുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. യുവനേതാവിനെ കളത്തിലിറക്കി തിരികെപ്പിടിക്കാനുള്ള ദൗത്യത്തിലാണ് യു.ഡി.എഫ്. വെെപ്പിൻകരക്കാരനെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ് എൻ.ഡി.എ.
രണ്ട് വട്ടം എസ്. ശർമ്മ വിജയിച്ച വൈപ്പിനിൽ ഇത്തവണ കെ.എൻ. ഉണ്ണികൃഷ്ണനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫിന് വേണ്ടി യൂത്ത് കോൺഗ്രസ് നേതാവ് ദീപക് ജോയിയും. അഡ്വ. കെ.എസ്. ഷെെജുവാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കണയന്നൂർ താലൂക്കിലെ കടമക്കുടിയും മുളവുകാടും കൊച്ചി താലൂക്കിലെ പള്ളിപ്പുറം, ഞാറയ്ക്കൽ, നായരമ്പലം, കുഴിപ്പിള്ളി, എളങ്കുന്നപുഴ, എടവനക്കാട് എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിൽ പെടുന്നത്. 2016 ലെ കണക്ക് പ്രകാരം 1,64,237 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
ജനങ്ങൾ ഒപ്പം നിൽക്കും
മണ്ഡലം ഇത്തവണയും കൂടെ നിൽക്കുമെന്ന വിശ്വാസത്തിലാണ് സ്ഥാനാർത്ഥിയും പ്രവർത്തകരും. ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ പ്ലാവിൻ തെെ നട്ടായിരുന്നു പ്രചാരണത്തിന് തുടക്കം കുറിച്ചത്. അഞ്ച് വർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ ഇടത് താത്പര്യം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രചാരണ ചുമതല വഹിക്കുന്ന നേതാവ് ഇ.സി. ശിവദാസ് പറഞ്ഞു. 20 ന് ബൂത്ത് കേന്ദ്രങ്ങളിലെ പൊതുപര്യടനം ആരംഭിക്കും. പ്രഖ്യാപനം വന്നത് മുതൽ ഭവന വ്യാപാര സന്ദർശനങ്ങളിലാണ് സ്ഥാനാർത്ഥി. വോട്ടർമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ തിരിച്ചറിഞ്ഞാണ് പ്രചാരണം പുരോഗമിക്കുന്നത്.
സമീപനം പ്രതീക്ഷ നൽകുന്നത്
മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും മുതിർന്ന നേതാക്കളെയും നേരിൽക്കണ്ട് പിന്തുണയും അനുഗ്രഹവും തേടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം. സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച് മണ്ഡലം തിരികെ പിടിക്കുമെന്ന് യു.ഡി.എഫ് നേതാവ് അഡ്വ. എം.പി പോൾ പറഞ്ഞു. ഇന്നലെ നാമനിർദേശപത്രിക സമർപ്പിച്ചു. കാളമുക്ക് ഹാർബറിൽ നിന്ന് മുനമ്പത്തേക്ക് റോഡ് ഷോയും, യു.ഡി.എഫ് നേതൃയോഗവും നടത്തി. ഇന്ന് ആരംഭിക്കുന്ന കൺവെൻഷൻ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. 22, 23 തിയതികളിലായി മണ്ഡലം കൺവെൻഷനുകൾ നടക്കും.
വോട്ടർമാരെ നേരിൽ കാണും
സ്ഥാനാർത്ഥി കെ.എസ്. ഷൈജു വൈപ്പിൻ നിവാസിയായതിനാൽ ജനങ്ങളിൽ നിന്ന് വൻപിന്തുണ ലഭിക്കുന്നുണ്ടെന്ന് എൻ.ഡി.എ നേതാക്കൾ പറഞ്ഞു. വികസനമുണ്ടായെന്ന് എൽ.ഡി.എഫ് സർക്കാർ അവകാശപ്പെടുമ്പോഴും കുടിവെള്ളപ്രശ്നം, സ്വകാര്യ ബസുകളുടെ നഗരപ്രവേശം തുടങ്ങിയ പരിഹരിക്കാത്ത പ്രശ്നങ്ങൾ മുൻനിറുത്തിയാണ് പ്രചാരണം. ഗൃഹസന്ദർശനത്തിലൂടെ പരമാവധി വോട്ടർമാരെയെല്ലാം നേരിൽ കാണുമെന്ന് പ്രചരണ ചുമതല വഹിക്കുന്ന നേതാവ് എ.പി രാജൻ പറഞ്ഞു. മണ്ഡലത്തിലെ പഞ്ചായത്ത് കൺവെൻഷനുകൾ പൂർത്തിയാക്കി.