കൊച്ചി: സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലെത്തുമ്പോൾ അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയായ ഓർമകൾ പങ്കുവയ്ക്കുകയാണ് പ്രൊഫ. എം.കെ. സാനു.
അവിചാരിതമായാണ് സ്ഥാനാർത്ഥിയാകുന്നത്. ഇ.എം.എസ് നമ്പൂതിരിപ്പാട് ഉൾപ്പെടെ വിളിച്ച് നിർബന്ധിച്ചപ്പോൾ സമ്മതിക്കുകയായിരുന്നു. 1987 മാർച്ചിലായിരുന്നു തിരഞ്ഞെടുപ്പ്. ഇടതുപക്ഷ സ്വതന്ത്രനായാണ് മത്സരിച്ചത്.
അന്നും ഇന്നും കോൺഗ്രസിന്റെ കോട്ടയാണ് എറണാകുളം മണ്ഡലം.
എതിർ സ്ഥാനാർത്ഥി കോൺഗ്രസിന്റെ എ.എൽ.ജേക്കബ് ആയിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോകുമ്പോൾ എന്റെ ഒപ്പം ആരും ഉണ്ടായിരുന്നില്ല. പ്രചരണം ആരംഭിച്ചപ്പോൾ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും എത്തി. അതൊരു ദേശീയോത്സവമായി മാറി. ഓട്ടൻതുള്ളലും കഥാപ്രസംഗവും വരെ പ്രചരണത്തിന്റെ ഭാഗമായി. ചിഹ്നം മയിൽ ആയിരുന്നു.
സാഹിത്യ, കലാ, രാഷ്ട്രീയ രംഗത്തു നിന്ന് നിരവധിപേർ പ്രചരണത്തിനെത്തി. സി. അച്യുതമേനോൻ, എം.എം. ലോറൻസ്, ബിനോയ് വിശ്വം, എം. ഗോവിന്ദൻ, എം.വി. ദേവൻ, മലയാറ്റൂർ രാമകൃഷ്ണൻ, തോപ്പിൽ ഭാസി, ഒ.എൻ.വി. കുറുപ്പ്, സി. രാധാകൃഷ്ണൻ, റോസി തോമസ് എന്നിവർ പ്രധാനികളായിരുന്നു.
വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്ത എന്റെ വിദ്യാർത്ഥികൾ തുറന്ന വാഹനത്തിൽ പ്രചാരണം നടത്തി. ഒരു ദിവസം 20 പ്രസംഗങ്ങൾ വരെ നടത്തി. എതിർ സ്ഥാനാർത്ഥിയെ വിമർശിച്ചിട്ടില്ല. പതിനായിരത്തിൽ പരം വോട്ടിന് വിജയിക്കാനായി. കോൺഗ്രസിന്റെ കോട്ട പിടിച്ചെടുക്കുകയായിരുന്നു. ജനങ്ങളുമായി ഇടപെടാൻ അന്ന് സമൂഹിക മാദ്ധ്യമങ്ങളില്ല. ഇന്ന് എല്ലാം മാറിക്കഴിഞ്ഞു. എല്ലാം ഓൺലൈൻ വഴിയായി. ഇന്നത്തെ യുവാക്കൾക്ക് അന്നത്തെ അത്രയും ആവേശവും ആദർശവും കുറവാണ്. മതസ്പർദ്ധയും വർഗീയതയും ഇല്ലാത്ത ഭരണമാണ് ഇനി വരേണ്ടത്. സ്ഥാനാർത്ഥികൾ കക്ഷി രാഷ്ട്രീയം മറന്ന് കാണുവാനും അനുഗ്രഹം വാങ്ങാനും എത്തുന്നുണ്ട്. ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ കൺവൻഷന് പോയിരുന്നു. പ്രചാരണങ്ങൾക്ക് പോകാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.