കൊച്ചി : ചൂരലുകൊണ്ടുള്ള അടിയേറ്റ് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തെത്തുടർന്ന് ആലുവയിലെ ഗവ. സ്കൂൾ അദ്ധ്യാപിക നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. പത്താം ക്ളാസ് വിദ്യാർത്ഥിയുടെ വലതു കൈയ്ക്ക് പൊട്ടലുണ്ടെന്നാണ് പരാതി. ആലുവ ഇൗസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിംഗിൾബെഞ്ച് അറസ്റ്റ് തടഞ്ഞിട്ടുണ്ട്. മെഡിക്കൽ സർട്ടിഫിക്കറ്റും ഡോക്ടറുടെ മൊഴിയും കോടതിയിൽ പൊലീസ് സമർപ്പിച്ചിരുന്നു.
ഫെബ്രുവരി 17 നു നടന്നെന്നു പറയുന്ന സംഭവത്തിൽ ഫെബ്രുവരി 22 നു മാത്രമാണ് പരാതി നൽകിയതെന്നും സ്കൂളിലെ പി.ടി.എ പ്രസിഡന്റിന്റെ ഇടപെടലിനെത്തുടർന്ന് കെട്ടിച്ചമച്ച കേസാണിതെന്നുമാണ് സൗത്ത് വാഴക്കുളം സ്വദേശിനിയായ അദ്ധ്യാപികയുടെ വാദം.