കൊച്ചി: ഹലാൽ ഭക്ഷണം ലഭിക്കുമെന്ന ബേക്കറിയിലെ സ്റ്റിക്കർ നീക്കാൻ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ആലുവ വട്ടപ്പറമ്പ് സ്വദേശികളായ ധനേഷ് പ്രഭാകരൻ, അരുൺ അരവിന്ദ്, സുജയ് സുബ്രഹ്മണ്യൻ, കുറുമശേരി സ്വദേശി ടി.എ. ലെനിൻ എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇവരെ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയയ്ക്കണമെന്ന് സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.
കഴിഞ്ഞ ഡിസംബർ 20 നാണ് സംഭവമുണ്ടായത്. ആലുവ കുറുമശേരി ജംഗ്ഷനിലെ മോഡി ബേക്കറിയിൽ ഹലാൽ ഭക്ഷണം ലഭിക്കുമെന്ന സ്റ്റിക്കർ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഏഴു ദിവസത്തിനകം സ്റ്റിക്കർ നീക്കിയില്ലെങ്കിൽ ബേക്കറി ബഹിഷ്കരിക്കുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി ഹിന്ദു ഐക്യവേദിയുടെ ലെറ്റർ പാഡിൽ കത്തുനൽകിയെന്നും പരാതിയിൽ പറയുന്നു. സ്റ്റിക്കർ നീക്കം ചെയ്തെങ്കിലും ബേക്കറിയുടമ പൊലീസിൽ പരാതി നൽകി.
കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ട് പ്രകോപനം സൃഷ്ടിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ മതസ്പർദ്ധ വളർത്താൻ ശ്രമം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കൂടുതൽ ഗൗരവമേറിയ കുറ്റങ്ങൾ ചുമത്താനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എഫ്.ഐ.ആറിൽ ഇൗ കുറ്റങ്ങൾ ചുമത്താനുള്ള പ്രവൃത്തി പ്രതികൾ ചെയ്തതായി സൂചനയില്ലെന്ന് ഉത്തരവിൽ പറയുന്നു.