
കൊച്ചി: വീൽചെയറിന്റെ പരിമിതികളിൽ വിരിഞ്ഞ ഡോ.സിജു വിജയന്റെ സിനിമാമോഹങ്ങൾ സഫലമാകുന്ന ദിനമാണിന്ന്. ഹോമിയോ ഡോക്ടറായ ഈ യുവാവ് വീൽചെയറിൽ ഇരുന്ന് സംവിധാനം ചെയ്‌ത 'ഇൻഷ" ഇന്ന് കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ വെള്ളിത്തിരകളിൽ തെളിയും.
ജീവിതം ചക്രക്കസേരയിൽ കുരുങ്ങിയ 13 വയസുകാരി ഇൻഷയുടെ സ്വപ്നങ്ങളുടെ കഥപറയുന്ന സിനിമ 20 ദിവസം കൊണ്ടാണ് ഇലക്ട്രിക് വീൽച്ചെയറിലിരുന്ന് സിജു പൂർത്തിയാക്കിയത്. സ്വദേശമായ അരൂക്കുറ്റിയും പരിസരങ്ങളുമായിരുന്നു ലൊക്കേഷൻ. വീട്ടുകാരും സുഹൃത്തുക്കളും ഒപ്പംനിന്നു. നാട്ടുകാരാണ് താരങ്ങളെല്ലാം.
അഞ്ചാംവയസിൽ സ്പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവരോഗം ബാധിച്ച് അരയ്ക്കുതാഴെ തളർന്ന ആലപ്പുഴ അരൂക്കൂറ്റി കൊച്ചുകണ്ണംപറമ്പിൽ ഡോ. സിജു വിജയന് സിനിമ എന്നും ഹരമായിരുന്നു. നിറയെ സിനിമകൾ കണ്ടാണ് ബാല്യകൗമാരങ്ങൾ ചെലവിട്ടത്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബി.എസ്‌സി സുവോളജി പാസായി തിരുവനന്തപുരം വിദ്യാധിരാജ ഹോമിയോ കോളേജിൽ ചേർന്നു. ഹോമിയോ മരുന്നുകളെയും രോഗങ്ങളെയും കുറിച്ച് മാത്രമല്ല, അക്കാലത്ത് സിനിമയും പഠിച്ചു. ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത് ആത്മവിശ്വാസം നേടി. അങ്ങനെയാണ് ഫീച്ചർ ഫിലിം സ്വപ്നം മൊട്ടിട്ടത്. മികച്ച ചിത്രകാരനുമാണ് സിജു. മ്യൂറൽ പെയിന്റിംഗ് വരച്ച് വിറ്റാണ് സിനിമയ്‌ക്ക് പണം കണ്ടെത്തിയത്.
ചലച്ചിത്ര വികസന കോർപറേഷന്റെ എല്ലാ തിയേറ്ററുകളിലും ദിവസം ഒരു ഷോ വീതം ഒരാഴ്ച സിനിമ പ്രദർശിപ്പിക്കും. കൂടുതൽ പ്രേക്ഷകർ എത്തിയാൽ പ്രദർശനത്തിന്റെ എണ്ണം കൂട്ടും. മന്ത്രി എ.കെ. ബാലനാണ് സിനിമ റിലീസ് ചെയ്യാനുള്ള സൗകര്യങ്ങൾ ചെയ്തത്.
പ്രാർത്ഥന സന്ദീപ്, ആദിത്യ രാജേഷ്, മെബിൻ ഐസക്, അനന്തു എന്നീ ബാലതാരങ്ങളും അനിൽ പെരുമ്പളം, മനേക് ഷാ, ആര്യ സലിം എന്നിവരുമാണ് കഥാപാത്രങ്ങളായത്.