court

കൊച്ചി: ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ അപ്രോച്ച് റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻകൂർ ജാമ്യംതേടി ടി.ഒ.സൂരജ് നൽകിയ ഹർജിയിൽ ഹൈക്കോടതി വിജിലൻസിന്റെ വിശദീകരണം തേടി. ഹർജി മാർച്ച് 30ന് വീണ്ടും പരിഗണിക്കും. ടി.ഒ.സൂരജ് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ചെയർമാനായിരിക്കെ കരാർ നൽകിയ അഞ്ച് അപ്രോച്ച് റോഡുകളുടെ നിർമ്മാണത്തിലും ക്രമക്കേടുണ്ടെന്നാരോപിച്ച് കളമശേരി സ്വദേശി ഗിരീഷ്ബാബു നൽകിയ ഹർജിയിലാണ് കേസെടുത്ത് അന്വേഷിക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്.

അപ്രോച്ച് റോഡുകളുടെ നിർമ്മാണത്തിന് 35.35 കോടി രൂപയുടെ കരാർ നൽകിയതിലൂടെ രണ്ടുകോടിരൂപ സർക്കാരിനു നഷ്ടമുണ്ടായെന്നാണ് പരാതി. പ്രാഥമികാന്വേഷണം നടത്തി പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി വിജിലൻസ് നൽകിയ റിപ്പോർട്ട് തള്ളിയാണ് കേസെടുത്ത് അന്വേഷിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടത്.