കോലഞ്ചേരി: പിണറായിക്കും പാരഡി പെരുമ്പാവൂരിൽ നിന്ന്. തിരഞ്ഞെടുപ്പടുക്കുമ്പോൾ രാഷ്ട്രീയ കക്ഷികൾക്ക് മറക്കാൻ പറ്റാത്ത ഒരാളാണ് മേളം ഇബ്രാഹിമെന്ന പാരഡിയുടെ സുൽത്താൻ. ഈ തിരഞ്ഞെടുപ്പിനായി 100 ലധികം പാട്ടുകൾ വിവിധ മുന്നണികൾക്ക് വേണ്ടി എഴുതി റെക്കോഡു ചെയ്തു കഴിഞ്ഞു. കടകംപള്ളി സുരേന്ദ്രൻ, ചിത്തരഞ്ജൻ, യു.പ്രതിഭ, സജി ചെറിയാൻ, വി.ആർ. സുനിൽകുമാർ, പി.ടി. തോമസ്, പി.വി.ശ്രീനിജിൻ തുടങ്ങി നിരവധി പേർക്കുള്ള പാട്ടുകൾ ഒരുങ്ങിക്കഴിഞ്ഞു. പൊറിഞ്ചു മറിയം ജോസിലെ 'മനമറിയുന്നോളെ...' എന്ന പാട്ടിന്റെ പാരഡിയായ 'ജനമറിയുന്നോനാ...' എന്ന പാട്ടിനാണ് ഇക്കുറി ഡിമാന്റേറേ. മിക്കവരും വിവിധ തരത്തിലുള്ള പത്ത് പാട്ടുകളാണ് തയ്യാറാക്കുന്നത്. മധുര രാജയിലെ 'മോഹമുന്തിരി പൂത്ത നിലാവിനും' ആവശ്യക്കാരുണ്ട്. നാടൻ പാട്ടുകളും, മാപ്പിളപ്പാട്ടുകളുമാണ് പിന്നീട് വേണ്ടത്. ഇദ്ദേഹം തന്നെ പാട്ടെഴുതി സ്വന്തം സ്റ്റുഡിയോയിൽ റെക്കാഡ് ചെയ്യുകയാണ്.
42 വർഷമായി ഇദ്ദേഹം തിരഞ്ഞെടുപ്പ് പാട്ട് രംഗത്തുണ്ട്. 1978ൽ തന്റെ നാട്ടുകാരനും ഗുരുനാഥനുമായ തണ്ടേക്കാട് ജമാഅത്ത് സ്‌ക്കൂൾ റിട്ടേർഡ് അദ്ധ്യാപകൻ ബാവ മാസ്റ്റർക്ക് വേണ്ടിയാണ് ഇബ്രാഹിം മേളം തന്റെ ആദ്യ തിരഞ്ഞെടുപ്പ് പാട്ട് പാടിയത്. 'എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ സമ്മതിദായകരെ ' എന്ന പാട്ടിലൂടെയാണ് തുടക്കം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ
പിണറായി വിജയനുവേണ്ടി 'എൽ.ഡി.എഫ് വരുമെല്ലാം ശരിയാകും' എന്ന പാട്ടും ഒരുക്കിയിരുന്നു.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ 23 സ്ഥാനാർത്ഥികൾക്കായി 236 പാരഡികളൊരുക്കിയതും ഇദ്ദേഹമാണ്.
രാഹുൽ ഗാന്ധി, തുഷാർ വെള്ളാപ്പള്ളി, ഉമ്മൻചാണ്ടി,കോടിയേരി, കെ. എം. മാണി, പന്ന്യൻ രവീന്ദ്രൻ, കെ. മുരളീധരൻ, എം.കെ. മുനീർ, ഒ. രാജഗോപാൽ തുടങ്ങി ഒട്ടേറെ രാഷ്ട്രീയ പ്രമുഖർക്ക് വേണ്ടിയും പാട്ടെഴുതിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തിരക്കു തീർന്നാൽ വിജയഗാനങ്ങളുടെ ട്രാക്ക് തയ്യാറാക്കുന്ന തിരക്കി
ലാകും.