കൊച്ചി: എറണാകുളം മണ്ഡലത്തിൽ ഇതുവരെ നടപ്പിലാക്കിയ പദ്ധതികൾ അക്കമിട്ട് നിരത്തിയും നടപ്പിലാക്കാനിരിക്കുന്നതൊക്കെ ഭാവനാത്മകമായി വിവരിച്ചും ഇടതു വലതുമുന്നണികൾ വീണ്ടുമൊരവസരം തേടുമ്പോൾ, ആറ് പതിറ്റാണ്ടുകാലം മാറിമാറി ഭരിച്ചവർക്ക് ഇനിയൊരവസരം ആവശ്യമില്ലെന്നാണ് എൻ.ഡി.എ വാദം.
പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സ്ഥാനാർത്ഥികളുടെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മൂവരും.
പത്മജ എസ്. മേനോൻ
എൻ.ഡി.എ യുടെ വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കാനല്ല ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്. നാടിന്റെ വികസനത്തിന് കേരളവും കേന്ദ്രവും ഒന്നിച്ചുനിൽക്കണം. എറണാകുളത്തെ 'കുള'ത്തിൽ നിന്ന് കരകയറ്റുകയാണ് ആവശ്യം. അതിന് കേന്ദ്രസർക്കാരിന്റെ നിരവധി പദ്ധതികൾ പ്രയോജനപ്പെടുത്തണം. വികസനപദ്ധതികൾക്ക് പണംതരാൻ കേന്ദ്രം തയ്യാറാണ്. 60 വർഷം മാറിമാറി അവസരം കിട്ടിയിട്ടും ഒന്നും ചെയ്യാൻ സാധിക്കാത്തവർ ഇനിയും അവസരം ചോദിച്ചുവരുന്നതിൽ കാര്യമില്ല.
ടി.ജെ. വിനോദ്
വികസനത്തിന് ഒരു ജനപ്രതിനിധിയെന്ന നിലയിൽ ആത്മാർത്ഥമായ പ്രവർത്തനം നടത്തിയിട്ടുണ്ട്. ചേരാനല്ലൂരിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 21 കോടിരൂപയുടെ പദ്ധതിക്ക് തുടക്കമിട്ടു. ആയൂർവേദ ആശുപത്രിക്ക് 70 ലക്ഷംരൂപയുടെ കെട്ടിടം നിർമിച്ചു. ജനപ്രതിനിധി എന്ന നിലയിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്.
വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ നിയോജകമണ്ഡലത്തിലെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് റോഡ് -റെയിൽ - ജല ഗതാഗതമേഖലകളെ സംയോജിപ്പിച്ചുകൊണ്ട് പദ്ധതി ആവിഷ്കരിക്കും. കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കും. 1552 കോടിരൂപയുടെ കനാൽ പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കും.
ഷാജി ജോർജ്
മെട്രോ ഉൾപ്പെടെയുള്ള വലിയ വികസനങ്ങൾ നടപ്പിലായിട്ടുണ്ടെങ്കിലും നഗരത്തിന്റെയും ഗ്രാമത്തിന്റെയും ചേരിപ്രദേശത്തിന്റെയും സ്വഭാവം ഉൾക്കൊള്ളുന്ന എറണാകുളം മണ്ഡലത്തിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്ന വേദനയാണ് താൻ പങ്കുവെയ്ക്കുന്നത്. തീരപ്രദേശങ്ങളിൽ ഉൾപ്പെടെ നിരവധി പ്രശ്നങ്ങളുണ്ട്. പാലവും വെള്ളവും ഇനിയും എത്താത്ത ദ്വീപുകൾ ഈ മണ്ഡലത്തിൽ ഇന്നുമുണ്ട്. പി.ആന്റ് ടി. കോളനി, വാത്തുരുത്തി, ചേരാനല്ലൂർ പ്രദേശങ്ങളിലെ ജനങ്ങൾ ദയനീയാവസ്ഥയിലാണ് ജീവിക്കുന്നത്. കെ.എസ്.ആർ.സി സ്നാന്റിന്റെ അവസ്ഥ വളരെ ദയനീയമാണ്. മാർക്കറ്റിൽ ഒരു പൊതുടോയ്ലറ്റ് ഉണ്ടാവുകയെന്നത് അവിടുത്തെ തൊഴിലാളികൾ ഒരുപതിറ്റാണ്ടിലേറെയായി ഉന്നയിക്കുന്ന ആവശ്യമാണ്. കോർപ്പറേഷൻ അധികൃതർ ഈ കാര്യത്തിൽ തികച്ചും പരാജയപ്പെട്ടു. വികസനം എന്നത് എല്ലാത്തരം ആളുകളെയും മനുഷ്യോചിതമായ രീതിയിൽ ജീവിക്കാനുള്ള അവസരം സൃഷ്ടിക്കലാണ് എന്ന കാഴ്ചപ്പാടിലാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയായി താൻ മത്സരിക്കുന്നത്.