k-swift

കൊച്ചി:പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റ് (കെ - സ്വിഫ്റ്റ് ) കമ്പനിയിൽ ഉടൻ നിയമനങ്ങൾ നടത്തില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

ഒഴിവാക്കിയ എംപാനൽ ഡ്രൈവർമാരെ കെ - സ്വിഫ്റ്റിൽ നിയമിക്കാൻ നീക്കം ആരോപിച്ച് ആലപ്പുഴ കുത്തിയതോട് സ്വദേശി ടി.എസ്. സന്തോഷ് നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണം. തുടർന്ന് സിംഗിൾബെഞ്ച് ഹർജി തിരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കാൻ മാറ്റി.

കെ - സ്വിഫ്റ്റ് കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിയമനത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും സർക്കാരിനു വേണ്ടി അഡി. അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു. ഗതാഗത സെക്രട്ടറി തിരഞ്ഞെടുപ്പ് നിരീക്ഷകനായി പശ്ചിമ ബംഗാളിലാണെന്നും വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സിയിലെ എം പാനൽ ഡ്രൈവർമാരെ ഒഴിവാക്കി പി.എസ്.സി ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അത് പാലിച്ചില്ലെന്ന കോർട്ടലക്ഷ്യ ഹർജിയിൽ എം പാനൽ ഡ്രൈവർമാരെ പൂർണമായും ഒഴിവാക്കാനും നിർദ്ദേശിച്ചിരുന്നു. ഇതിനുശേഷം ഫെബ്രുവരി 19 നാണ് കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റ് കമ്പനിക്ക് രൂപം നൽകിയത്. എം പാനൽ ഡ്രൈവർമാരെ കമ്പനിയിൽ നിയമിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതിയുടെ ഉത്തരവ് മറികടന്ന് എം പാനൽ ഡ്രൈവർമാരെ വീണ്ടും നിയമിക്കാനാണ് കമ്പനിയുണ്ടാക്കിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.