കൊച്ചി: നഗരത്തിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊച്ചി കോർപ്പറേഷൻ പാർപ്പിട പദ്ധതി ഒരുക്കുന്നു. 2021-22 സാമ്പത്തിക വർഷത്തെ കോർപ്പറേഷൻ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. ബ്രിട്ടനിലെ റെഡിംഗ് സർവകലാശാല, സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്പ്‌മെന്റ് (സി.എം.ഐ.ഡി) എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സി ഹെഡ് ഏകോപനം നിർവഹിക്കും. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി അന്യസംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന വാത്തുരുത്തി, ഗാന്ധിനഗർ, ഉദയകോളനി, കലൂർ ഭാഗങ്ങളിലെ തൊഴിലാളികളിൽ നിന്നും കെട്ടിട ഉടമകളിൽ നിന്നും വിവരശേഖരണം ആരംഭിച്ചു. ഓൺലൈൻ ശില്പശാലയിൽ മേയർ അഡ്വ. എം. അനിൽകുമാർ നഗരത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതാവസ്ഥയുമായി ബന്ധപ്പെട്ട് നഗരത്തിന്റെ കാഴ്ചപ്പാടും പ്രവർത്തന പദ്ധതിയും വിശദീകരിച്ചു. പ്ലാനിംഗ് ബോർഡ് അംഗം ഡോ. രവിരാമൻ, ബാനശ്രീ ബാനർജി, ഉമ അഡുസ്‌മൈലി, രേണു ദേശായി, ഡോ. ബിനോയ് പീറ്റർ, ഡോ. ആൻജലിക് ചെട്ടിപ്പറമ്പിൽ, റൂഷീൽ പലവജ്ഹല എന്നിവർ സംസാരിച്ചു.
നടപടികൾ പുരോഗമിക്കുന്നു
കേരളത്തിലെ കുടിയേറ്റത്തൊഴിലാളികളുടെ പ്രധാന തൊഴിലിടമാണ് കൊച്ചി . ഒട്ടേറെ ദശകങ്ങളായി തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികൾ നഗരത്തിൽ താമസിച്ച് തൊഴിലെടുക്കുന്നുണ്ട്. ആന്ധ്രാപ്രദേശ്, തെലുങ്കാന, പശ്ചിമബംഗാൾ, ബീഹാർ, ഒഡിഷ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ട്. താമസിക്കാൻ ഒരിടം കണ്ടെത്തുന്നത് ഇവരെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യമാണ്. കലൂർ ബസ് സ്റ്റാന്റിലും മെട്രോ പാതയ്ക്കടിയിലും കടത്തിണ്ണകളിലും ഇവർ തലചായ്ക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പാർപ്പിടപ്രതിസന്ധി പരിഹരിക്കാൻ കോർപ്പറേഷൻ മുന്നിട്ടിറങ്ങുന്നത്.