കൊച്ചി: കൊതുക് നിവാരണ പ്രവർത്തനങ്ങൾക്ക് വീടുകളിൽ നിന്ന് തുടക്കം. ഉറവിടത്തിൽ വച്ചുതന്നെ കൊതുകിനെ നശിപ്പിക്കാനാണ് ശ്രമം.ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ നോട്ടീസുകളെത്തിച്ചു. ഇനി വെന്റ് പൈപ്പുകളിൽ നെറ്റിടും. ഇതിന് മുന്നോടിയായി വീടുകളിൽ സൗജന്യ നെറ്റുകളെത്തിക്കും. കൗൺസിലർമാരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. കൊതുക് നിവാരണ പ്രവർത്തനങ്ങൾക്കായി 400 തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സർക്കാർ കോർപ്പറേഷന് അനുമതി നൽകിയിരുന്നു. ഇതിൽ 222 പേരെ കൊതുക് നിവാരണ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും. ഓരോ ഡിവിഷനിലേക്കും മൂന്ന് തൊഴിലാളികളെ വീതം അധികമായി നിയോഗിക്കാനാണ് കൗൺസിൽ തീരുമാനം

# പരിശീലനം നൽകി

കൊതുക് നിവാരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച താത്കാലിക തൊഴിലാളികൾക്ക് കഴിഞ്ഞ ദിവസം പരിശീലനം നൽകിയിരുന്നു. എറണാകുളം ടൗൺ ഹാളിൽ വെക്ടർ കൺട്രോൾ വിഭാഗം സിനിയർ ബയോളജിസ്റ്റ് നയിച്ച ക്ലാസിൽ തൊഴിലാളികൾക്ക് ഉറവിട കൊതുക് നശീകരണത്തെക്കുറിച്ചുളള അവബോധവും കൊതുക് നിവാരണ ഉപകരണങ്ങളുടെ പ്രയോഗത്തെക്കുറിച്ചുളള പരിശീലനവും നൽകി. ഹെൽത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ , നഗരസഭ സെക്രട്ടറി, ഹെൽത്ത് ഓഫീസർ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഹാൻഡ് സ്‌പ്രേയർ ഉൾപ്പെടെ കൊതുക് നിർമ്മാർജ്ജനത്തിനാവശ്യമായ ഉപകരണങ്ങൾ നഗരസഭയിൽ ലഭ്യമായിരുന്നില്ല. പുതിയ കൗൺസിൽ അധികാരമേറ്റ ശേഷം 250 പുതിയ ഹാൻഡ് സ്‌പ്രേയർ മെഷീനുകളും 25 പവർ സ്‌പ്രേയറും 300 ലിറ്റർ കൊതുക് നശീകരണ മരുന്നും അരലക്ഷം വെന്റ് പൈപ്പ് നെറ്റും മറ്റനുബന്ധ ഉപകരണങ്ങളും വാങ്ങി. ഒരു ലക്ഷം നോട്ടീസുകളാണ് വിതരണം ചെയ്തത്.

# ജനകീയ പങ്കാളിത്തം

വേണം

ജനകീയ പങ്കാളിത്തമില്ലാതെ കൊതുകിനെ നശിപ്പിക്കാൻ കഴിയില്ല. ഇതിന്റെ ഭാഗമായാണ് ഗൃഹസമ്പർക്ക പരിപാടികൾ നടത്തുന്നത്. കാനകളിൽ മരുന്ന് തളിക്കും. പൊതുസ്ഥലങ്ങളിലെ കൊതുക് നശീകരണ പ്രവർത്തനങ്ങൾക്ക് കോർപ്പറേഷൻ മേൽനോട്ടം വഹിക്കും

ടി.കെ.അഷ്റഫ്

ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ