കൊച്ചി: പൂർണമായ മാനസിക, ശാരീരിക ആരോഗ്യം ഉറപ്പാക്കണമെങ്കിൽ ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറങ്ങണമെന്ന് ഓർമിപ്പിക്കുകയാണ് ഡോക്ടർമാർ. പല കാരണങ്ങൾ കൊണ്ട് ഉറക്കം നഷ്ടപ്പെടാമെന്ന് ലോക ഉറക്കദിനമായ ഇന്ന് വിദഗ്ദ്ധർ വിവരിക്കുന്നു.

നല്ല ആരോഗ്യത്തിനും വളർച്ചയ്ക്കും പ്രധാനമാണ് നല്ല ഉറക്കം. ആരോഗ്യകരമായ ഉറക്കത്തിന്റെ ഗുണങ്ങളെക്കുറിച്ച് ബോധാവത്കരിക്കാനാണ് വേൾഡ് സ്ലീപ് സൊസെെറ്റി ഇന്ന് ലോക ഉറക്കദിനം ആചരിക്കുന്നത്.

ശ്വസനനാളവും ഉറക്കവും

ഉറങ്ങുമ്പോൾ ശ്വസനവ്യവസ്ഥയിലും ശ്വാസനാളത്തിന്റെ ഭാഗങ്ങളുമായി ബന്ധപ്പെട്ട നാഡീ,മാംസപേശികളിലും മാറ്റങ്ങൾ സംഭവിക്കുന്നു. കൃത്യമായി ശ്വസനപ്രക്രിയ നടന്നില്ലെങ്കിൽ ഉറക്കം കെടും. മുകൾഭാഗത്തെ ശ്വാസനാളത്തിന്റെ തടസം മൂലം ഉറക്കത്തിൽ ഇടയ്ക്കിടയ്ക്ക് ശ്വാസം നിലച്ചുപോകുന്ന അവസ്ഥയാണ് ഒപ്സ്ട്രക്റ്റീവ് സ്ലീപ് അപ്നോയ (ഒ.എസ്.എ). ഇങ്ങനെ ശ്വാസോച്ഛാസം നിലയ്ക്കുന്നത് കൊണ്ടാണ് ഇടയ്ക്കിടെ എഴുന്നേൽക്കുന്നതിനും ശരിയായ ഉറക്കം കിട്ടാത്തതിനും കാരണം.

ഒ.എസ്.എ ബാധിക്കുന്നത്

വയർ, നെഞ്ച് ഭാഗങ്ങളിൽ കൊഴുപ്പ് ആടിഞ്ഞുകൂടുമ്പോൾ ശ്വാസകോശത്തിന് വായു നിറച്ചു വികസിക്കാനുള്ള ശേഷി കുറയും. പേശികൾക്ക് ബലം നഷ്ടപ്പെടും. നാവിന്റെ ചുറ്റുമുള്ള പേശികളുടെ പ്രവർത്തനത്തെയും അമിതവണ്ണം ബാധിക്കും. ഉറക്കത്തിൽ നാവ് പുറകിലേയ്ക്ക് വീണ് ശ്വാസനാളം അടയും. ഇത് കൂർക്കം വലിക്കും കാരണമാകുമെന്ന് ലൂർദ് ഹോസ്പിറ്റലിലെ ഇ.എൻ.ടി കൺസൾട്ടന്റ് ഡോ. ടിനു ആൽഫി പറഞ്ഞു.

പ്രശ്നങ്ങൾ

ക്ഷീണം

താല്പര്യക്കുറവ്

ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണമെന്ന തോന്നൽ

ഡ്രൈവിംഗ് സമയത്ത് ഉറങ്ങിപോവുക

കടുത്ത തലവേദന