നെടുമ്പാശേരി: പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കാത്തവിധം ദയനീയമായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥിതിയെന്ന് പാർട്ടി വിട്ട് എൻ.സി.പിയിൽ എത്തിയ പി.സി.ചാക്കോ മാദ്ധ്യമങ്ങളോട് പറഞ്ഞു.നിയമസഭയിൽ പത്തുശതമാനം അംഗങ്ങൾ ഉണ്ടെങ്കിലേ അംഗീകൃത പ്രതിപക്ഷമാകൂ. കഴിഞ്ഞ തവണ കോൺഗ്രസിന് 21 സീറ്റാണ് ലഭിച്ചത്. അതെങ്കിലും നിലനിർത്താൻ കഴിയുമോയെന്ന ആശങ്കയിലാണ് അവർ. കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയുണ്ടാകും.
കേരളത്തിൽ അഞ്ചുകൊല്ലം കൂടുമ്പോൾ ഭരണമാറ്റം എന്നത് ഇക്കുറി ഉണ്ടാകില്ല. വൻ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാകും. കോൺഗ്രസും യു.ഡി.എഫും മത്സരിക്കുന്നത് പ്രതിപക്ഷ നേതൃസ്ഥാനം നിലനിർത്താനാണ്. പഴയ കോ.ലീ.ബി സഖ്യത്തെക്കുറിച്ച് കോൺഗ്രസ് വക്താക്കളാണ് മറുപടി പറയേണ്ടത്. കോൺഗ്രസിനെ നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം തങ്ങൾക്കാണെന്ന് ഉമ്മൻചാണ്ടിയും ചെന്നിത്തലയും പറയില്ല. കുറേക്കാലമായി നിശബ്ദമായി പ്രവർത്തിക്കുകയായിരുന്നു താൻ. കേരളത്തിലെ ഒരു തീരുമാനത്തിലും പങ്കാളിയല്ല.
സോളാർ അഴിമതിയിൽ തലകുനിച്ചത് കോൺഗ്രസ് പ്രവർത്തകരാണ്. ഉമ്മൻചാണ്ടിക്ക് യാതൊരു കൂസലുമുണ്ടായിരുന്നില്ല. എന്നിട്ടും ഉമ്മൻചാണ്ടി തന്നെ കേരളത്തെ നയിക്കട്ടേയെന്ന് നിർദ്ദേശിച്ച ഹൈക്കമാൻഡിനെ അഭിവാദ്യം ചെയ്യാനല്ലേ കഴിയൂ. കെ. സുധാകരൻ കോൺഗ്രസ് വിടുമെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. ഇത് ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. അതല്ലാതെ താനുമായി സംസാരിച്ചിട്ടില്ല.
പല സമുന്നത കോൺഗ്രസ് നേതാക്കളും സമീപദിവസങ്ങളിൽ എൽ.ഡി.എഫിലേക്ക് വരും. അവരുടെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലും പാടുപെട്ടത് കോൺഗ്രസിന്റെ ദുര്യോഗത്തിന് തെളിവാണ്. എൻ.സി.പി ഏൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കും. 21ന് സംസ്ഥാന കമ്മിറ്റി ചേർന്ന് തീരുമാനിക്കും.