കൊച്ചി: നിയമസഭാതിരഞ്ഞെടുപ്പിൽ കാർഷികമേഖലയിലെ പ്രശ്‌നങ്ങളോട് രാഷ്ട്രിയപാർട്ടികളും മുന്നണികളും സ്വീകരിക്കുന്ന നിലപാടുകളെ വിലയിരുത്തി മാത്രമേ കർഷകർ വോട്ട് ചെയ്യുകയുള്ളു എന്ന് ഇൻഫാം രക്ഷാധികാരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
എറണാകുളം പി.ഒ.സി യിൽ നടന്ന ഇൻഫാം ദേശീയസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനൃമൃഗ സംരക്ഷണത്തിന്റെ പേരിൽ ജനവാസമേഖലകളും കൃഷിയിടങ്ങളും ഉൾപ്പെടുത്തി സംരക്ഷിതമേഖലകൾ രൂപീകരിക്കാനുള്ളനീക്കം കർഷകർ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഇ.എഫ്.എൽ നിയമവും കസ്തൂരിരംഗൻ നിർദ്ദേശങ്ങളും കർഷകസമൂഹത്തെ ദുരിതത്തിലാക്കുകയാണ്. ജനവാസകേന്ദ്രങ്ങളെ പൂർണമായും ഇ.എഫ്.എൽ, ഇ.എസ്. എ പരിധികളിൽ നിന്ന് ഒഴിവാക്കുകയും ബഫർ സോൺ സംബന്ധിച്ച് നിയസഭയിൽ തീരുമാനം എടുത്ത് കേന്ദ്രപരിസ്ഥിതി വകുപ്പിനെ അറിയിക്കണം. വന്യമൃഗ അക്രമണങ്ങളിൽ നിന്ന് ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കാൻ നടപടിവേണം. കൃഷിയിടങ്ങളിൽ നാശം വരുത്തുന്ന കാട്ടുപന്നി ഉൾപ്പെടെയുള്ള മൃഗങ്ങളെ ക്ഷുദ്രജീവിയുടെ പട്ടികയിൽപ്പെടുത്തി നശിപ്പിക്കാൻ അനുമതിനൽകുകയും കൃഷിനാശത്തിന് കാലോചിതമായ നഷ്ടപരിഹാരം നൽകുകയും ചെയ്യണം.
60 കഴിഞ്ഞ മുഴുവൻ കർഷകർക്കും പ്രതിമാസം 10000 രൂപ പെൻഷൻ നല്കാൻ നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇൻഫാം ദേശീയ ചെയർമാൻ മോൺ ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആന്റണി കൊഴുവനാൽ, കെ.സി.ബി.സി ഡെപ്യൂട്ടി സ്രെകട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലക്കപ്പിള്ളി, ഇൻഫാം പ്രസിഡന്റ് പി.സി. സിറിയക്, ഡയറക്ടർ ഫാ. ജോസഫ് ചെറുകരകുന്നേൽ, ഫാ. ജോസ് തറപ്പേൽ, ജോയിജോൺ തെങ്ങുംകുടി, ഫാ. ജോസഫ് മോനിപ്പള്ളി, ജോസഫ് കാര്യാങ്കൽ, ഫാ. ജോസഫ് കാവനാടി, ബേബി പെരുമാലിൽ, മാത്യു മാമ്പറമ്പിൽ, ജോസ് ഇടപ്പാട്ട, സ്‌കറിയ നെല്ലംകുഴി തുടങ്ങിയവർ പ്രസംഗിച്ചു.