
തൃപ്പൂണിത്തുറ : നിയമസഭ തിരഞ്ഞെടുപ്പു നടക്കുന്ന കേരളത്തിൽ ബി.ജെ.പി. അധികാരത്തിലെത്തുമെന്ന് ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം പറഞ്ഞു. തൃപ്പൂണിത്തുറയിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി ഡോ:കെ.എസ്.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 70 വർഷം രാജ്യത്തെ ഭരണം കയ്യാളിയ കോൺഗ്രസ് രാജ്യത്തെ അഴിമതിയാൽ നിറച്ചുവെന്നും ടുജി സ്പെക്ട്രവും കൽക്കരി കുംഭകോണവും ജനം മറന്നിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ അനവധി വികസന പ്രവർത്തനങ്ങൾ രാജ്യത്ത് നടത്തിയെന്നും അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തിന് ശക്തമായ മറുപടി കൊടുത്ത് രാജ്യത്തിന്റെ ശക്തി തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ഡോ: കെ.എസ്.രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ , സംസ്ഥാന സമിതിയംഗം കെ.വി. എസ്.ഹരിദാസ്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് സി.കെ.ദിലീപ്കുമാർ , അഡ്വ.രമാദേവി തോട്ടുങ്കൽ , നവീൻ നാഗപ്പാടി, സാം പുന്നക്കൽ, എം.എസ്. വിനോദ് കുമാർ, പി.ജി.ജയൻ, അംബിക വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.