തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിൽ നായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് നാളെ നടക്കും. ഉച്ചതിരിഞ്ഞ് 2.05 നും 3 നും ഇടയിലാണ് പുറപ്പാട്. രാവിലെ തുറക്കുന്ന നട ആറാട്ട് എഴുന്നള്ളിപ്പ് വരെ തുറന്നിരിക്കും. ക്ഷേത്രത്തിനകത്ത് എഴുന്നള്ളിപ്പുകൾക്ക് മൂന്ന് ആനകളും പുറത്തേക്കുള്ള എഴുന്നള്ളിപ്പുകൾക്ക് ഒരാനയും അണിനിരക്കും.
തേവരുടെ ഗ്രാമപ്രദക്ഷിണത്തിൽ ആറാടുന്ന കുളങ്ങൾ വ്യത്തിയാക്കി. ആദ്യവും അവസാനവും ആറാടുന്ന സേതുകുളം ദേവസ്വവും മറ്റുള്ളവ അതാത് ദേശക്കമ്മറ്റിക്കാരുമാണ് വൃത്തിയാക്കിയത്. ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ യാതൊരു തരത്തിലുള്ള കുറവും വരുത്തില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു. മകീര്യം പുറപ്പാടും പൂരം കൊടിയേറ്റവും തുടങ്ങി എല്ലാ ആഘോഷങ്ങൾക്കുമായുള്ള ക്രമീകരണം പൂർത്തിയാക്കി. മകീര്യം പുറപ്പാട് ചടങ്ങുകൾക്ക് യാതൊരു വിധ കുറവും ഉണ്ടാകില്ല. മറ്റുതരത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ പൂരത്തിന്റെ പൊലിമ കുറയ്ക്കുന്നതിനാണ്. ഇത് ഭക്തജനങ്ങൾ തിരിച്ചറിയണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. നന്ദകുമാർ അഭ്യർത്ഥിച്ചു.