
കോലഞ്ചേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനുമതിയും വിരൽതുമ്പിലായി. വിവിധ അനുമതികൾക്കായി ഇനി പൊലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങേണ്ട.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ വെബ്സൈറ്റ് വഴി സേവനങ്ങൾ ലഭിക്കുന്ന മൊബൈൽ ആപ്പുമിറങ്ങി. പ്രചാരണ യോഗങ്ങൾ, ജാഥകൾ, ഉച്ചഭാഷിണികൾ, വാഹനങ്ങൾ, താത്കാലിക ഇലക്ഷൻ ഓഫീസ് എന്നിവയ്ക്കുള്ള അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷകൾ വെബ്സൈറ്റ് വഴി സമർപ്പിക്കാം. 48 മണിക്കൂർ മുമ്പ് അപേക്ഷിക്കണമെന്നേയുള്ളൂ.
പൊലീസ് സ്റ്റേഷൻ വഴി മാത്രമാണ് നേരത്തെ ഇത്തരം അപേക്ഷകൾ പരിഗണിച്ചിരുന്നത്. സുവിധ വഴിയാണെങ്കിൽ നൂലാമാലകൾ ഇല്ലാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ അനുമതി ലഭിക്കും. നിരസിച്ചാലും വിവരമറിയാം. www.suvidha.eci.gov.in എന്ന വെബ് അഡ്രസ് വഴി അപേക്ഷ നല്കാം. വിവിധ അപേക്ഷകൾക്ക് വെബ്സൈറ്റിൽ പറയുന്ന രേഖകൾ അപ് ലോഡ് ചെയ്യണം. സ്ഥാനാർത്ഥികൾ പത്രിക സമയത്ത് നല്കിയ മൊബൈൽ നമ്പർ വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്താലും സേവനങ്ങൾ ലഭിക്കും.