കോലഞ്ചേരി: ചൂട് കനത്തതോടെ മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും സൂര്യതാപ ഭീഷണി. താപനില ഉയരുന്ന സാഹചര്യത്തിൽ മൃഗങ്ങൾക്ക് സൂര്യാതപവും ചെള്ളുപനി പോലുളള രോഗങ്ങളും പടരുന്നതായി മൃഗ സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ചൂട് കൂടിയ സാഹചര്യത്തിൽ മൃഗങ്ങളിൽ ബാഹ്യപരാദങ്ങളുടെ ആക്രമണം മൂലം രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ പിടിപ്പെടാൻ സാദ്ധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ് .സൂര്യാതപമേ​റ്റാൽ എഴുന്നേൽക്കാൻ പ​റ്റാത്ത സാഹചര്യത്തിൽ വളർത്തുമൃഗങ്ങളെ കാണുകയാണെങ്കിൽ ശരീരോഷ്മാവ് മനസിലാക്കി നെറ്റിയിൽ തണുത്ത വെള്ളമോ, തുണിയിൽ പൊതിഞ്ഞ ഐസ് കട്ടകളോ വയ്ക്കണം. ശുദ്ധമായ കുടിവെള്ളം, കരിക്ക് എന്നിവയും നൽകാം. സൂര്യാതപമേ​റ്റതായി സംശയം തോന്നിയാൽ ഉടനടി വെ​റ്ററിനറി ഡോക്ടറുടെ സേവനവും ഉറപ്പ് വരുത്തണം

ചെള്ള് പനി

പശുക്കളിൽ പാലിന്റെ അളവ് കുറയുക, വായിലെ ഉമിനീർ പത പോലെ ഉ​റ്റി വീഴുക, അമിതമായ കിതപ്പ്, കണ്ണിൽ പീള കെട്ടൽ, മൂത്രത്തിന്റെ അളവ് കുറഞ്ഞ് മഞ്ഞനിറം ഉണ്ടാവുക, ഗർഭിണിയായ പശുക്കളിൽ ഗർഭം അലസിപ്പോവുക തുടങ്ങിയവയാണ് മൃഗങ്ങൾ കാണിക്കുന്ന പ്രധാന ലക്ഷണങ്ങൾ.

ചെള്ള് പനിയെ പ്രതിരോധിക്കാം

ചെള്ള്, പേൻ തുടങ്ങിയവയെ നിയന്ത്റിക്കുന്നതിനായി മൃഗങ്ങളുടെ ദേഹത്തും തൊഴുത്തുകളിലും മരുന്നുകൾ ഒഴിച്ച് നിയന്ത്റിക്കുക.മൃഗങ്ങളുടെ ദേഹത്ത് കടിച്ചിരിക്കുന്ന പട്ടുള്ളികളെ പറിച്ചെടുത്ത് കത്തിച്ച് കളയണം.

സൂര്യതാപം തടയണം

പശു, ആട്, നായ, പൂച്ച, കോഴി തുടങ്ങിയ വളർത്തു മൃഗങ്ങളെ നേരിട്ടുള്ള സൂര്യകിരണങ്ങളിൽ നിന്നും സംരക്ഷിക്കണം.രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ തുറസായ വയൽ പ്രദേശങ്ങളിലും പറമ്പുകളിലും മൃഗങ്ങളെ കെട്ടിയിടുന്നത് ഒഴിവാക്കുക.ചൂട് കുറഞ്ഞ സമയങ്ങളിൽ തീ​റ്റ കൊടുക്കുക.കുടിവെള്ളം ലഭ്യമാക്കുകയും ചെയ്യുക. തൊഴുത്തുകളിലും കൂടുകളിലും വായുസഞ്ചാരം ഉറപ്പ് വരുത്തണം.