
കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ തുടരന്വേഷണം സി.ബി.ഐ ഉടൻ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. അന്വേഷണം സി.ബി.ഐക്കു വിട്ട സർക്കാർ വിജ്ഞാപനത്തിലെ പിഴവു തിരുത്തണമെന്നാവശ്യപ്പെട്ട് അമ്മ നൽകിയ ഹർജി തീർപ്പാക്കിയാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം.
രേഖകൾ ലഭിച്ചെന്നും നടപടിക്രമങ്ങളിലെ താമസം ഒഴിവാക്കാൻ അന്വേഷണം ഏറ്റെടുക്കാൻ ഹൈക്കോടതിക്കു നേരിട്ടു നിർദ്ദേശിക്കാമെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ ഇന്നലെ ഹൈക്കോടതിയിൽ വ്യക്തമാക്കി. തുടർന്നാണ് സി.ബി.ഐയുടെ കൊച്ചി യൂണിറ്റ് എസ്.പിയോട് അന്വേഷണം ഉടൻ ഏറ്റെടുക്കാൻ നിർദ്ദേശിച്ചത്. ആവശ്യമായ സഹായങ്ങൾ സർക്കാർ ഒരുക്കണമെന്നും ഹർജിക്കാരിക്ക് ആവശ്യമുണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവിട്ടിട്ടുണ്ട്.