
കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ സാക്ഷിയായ നടി കാവ്യാമാധവനെ വിസ്തരിക്കുന്നത് കോടതി മാറ്റിവച്ചു. ഇന്നലെ രാവിലെ 11 മണിയോടെ കാവ്യ ഹാജരായെങ്കിലും രണ്ടു സാക്ഷികളുടെ വിസ്താരം തുടരുന്നതിനാൽ കാവ്യയെ വിസ്തരിക്കാൻ കഴിഞ്ഞില്ല. നിർമ്മാതാവ് രഞ്ജിത്തിന്റെ വിസ്താരമാണ് ഇന്നലെ നടന്നത്.
മുന്നൂറിലേറെ സാക്ഷികളുള്ള കേസിൽ 127 പേരുടെ വിസ്താരം പൂർത്തിയായി. മാർച്ച് ഒമ്പതിന് സംവിധായകൻ നാദിർഷ ഹാജരായെങ്കിലും സാക്ഷിവിസ്താരം നടന്നിരുന്നില്ല.
2017 ഫെബ്രുവരിയിലാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് ഷൂട്ടിംഗിനായി വന്ന യുവനടിയെ പൾസർ സുനിയുടെ നേതൃത്വത്തിൽ പ്രതികൾ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയത്. നടൻ ദിലീപ് നൽകിയ ക്വട്ടേഷനാണിതെന്ന് കണ്ടെത്തിയ അന്വേഷണസംഘം ദിലീപിനെ എട്ടാം പ്രതിയാക്കിയിരുന്നു.
എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് കേസിന്റെ വിചാരണ. കഴിഞ്ഞ ഫെബ്രുവരിയിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കൊവിഡ് സാഹചര്യമടക്കം ചൂണ്ടിക്കാട്ടി വിചാരണക്കോടതി നൽകിയ അപേക്ഷ പരിഗണിച്ച് സുപ്രീംകോടതി ആറു മാസം കൂടി സമയം നീട്ടി നൽകി.