waste

കൊച്ചി: കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പിൽ ആറു ടൺ ബയോമെഡിക്കൽ മാലിന്യങ്ങൾ ബാക്കിയാകും. മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്ന ചുമതല ഇമേജ് ഏറ്റെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇമേജ് (ഐ.എം.എ. ഗോ ഗ്രീൻ) സംസ്ഥാനത്തെ ഏക ബയോമെഡിക്കൽ മാലിന്യസംസ്കരണ പ്ലാന്റാണ്.

തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും കൊവി​ഡ് രോഗി​കളുടെയും മാസ്‌ക്, ഗ്ലൗസ്, പി.പി.ഇ കിറ്റ് തുടങ്ങിയവയാണ് ഇമേജ് ശേഖരിക്കുക.

140 മണ്ഡലങ്ങളിലെ 25,041 പോളിംഗ് ബൂത്തുകളിലെ മാലിന്യങ്ങളുണ്ടാകും. ഇമേജിന്റെ പാലക്കാട് മാന്തുരുത്തിയിലെ മാലിന്യ നിർമാജന പ്ലാന്റിലാണ് സംസ്‌കരിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മാലിന്യങ്ങളും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ അദ്ധ്യാപകർ ഉപയോഗിച്ച ബയോമെഡിക്കൽ മാലിന്യങ്ങളും ഇമേജാണ് ശേഖരിച്ച് സംസ്‌കരിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പി​ലെ ശേഖരിച്ച മാലിന്യങ്ങളുടെ പണം നൽകാൻ കാലതാമസം നേരിട്ടതായും ഇമേജ് അധികൃതർ പറഞ്ഞു.

കിലോയ്ക്ക് 30 രൂപ നിരക്കിലാണ് മാലിന്യങ്ങൾ ഏറ്റെടുക്കുന്നത്. തരംതിരിക്കാൻ നിയമസഭ ഇലക്ഷൻ എന്ന സ്റ്റിക്കർ ഒട്ടിച്ച പ്രത്യേക ബാഗ് നൽകും. ഡി.എം.ഒമാരുടെ നേതൃത്വത്തിൽ മാലിന്യം ശേഖരിക്കുന്നതിന് നടപടി എടുക്കണമെന്ന് ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇമേജ് അധികൃതർ പറഞ്ഞു. ഇമേജുമായി അഫിലിയേറ്റ് ചെയ്ത ആശുപത്രികൾ, മെഡിക്കൽ കോളജ്, സി.എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ മാലിന്യങ്ങൾ എത്തിക്കും. ഇവിടെ നിന്നുമാണ് ഇമേജ് ഇവ ശേഖരിക്കുക.

ആറു ടൺ മാലിന്യം

തദ്ദേശ തിരഞ്ഞെടുപ്പിൽ എട്ടുടൺ മാലിന്യം പ്രതീക്ഷിച്ചെങ്കിലും ആറു ടണ്ണാണ് ശേഖരിച്ചത്. ഇത്തവണയും ഇതേ അളവിൽ മാലിന്യമാണ് പ്രതീക്ഷിക്കുന്നത്.

ഡോ. കെ.പി. ഷറഫുദീൻ

ഇമേജ് സെക്രട്ടറി