
കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുമ്പോൾ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് മുൻഗണന നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇങ്ങനെ താത്കാലിക നിയമനം ലഭിക്കുന്നവർക്ക് സ്ഥിരംനിയമനം അവകാശപ്പെടാനാവില്ലെന്നും വിധിയിൽ പറയുന്നു. കൂത്താട്ടുകുളം സ്വദേശി സി.വി. ബിജു നൽകിയ അപ്പീലിലാണ് ഉത്തരവ്.
കുസാറ്റിലെ 211 യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികകൾക്കു പുറമേ താത്കാലികാടിസ്ഥാനത്തിൽ 42 തസ്തികകൾ കൂടി സൃഷ്ടിച്ചെന്നും ഇവയിലേക്ക് റാങ്ക്‌ലിസ്റ്റിലുള്ളവരെ പരിഗണിച്ചില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ പരാതി. സ്ഥിരം തസ്തികകളിൽ റാങ്ക്‌ലിസ്റ്റിൽ നിന്ന് നിയമനം നടത്തിയെന്നും ഭരണപരമായ ആവശ്യങ്ങൾക്കാണ് 42 താത്കാലിക തസ്തികകൾ സൃഷ്ടിച്ചതെന്നും സർവകലാശാല വിശദീകരിച്ചു. സർവകലാശാലയുടെ അംഗീകാരം നൽകാൻ വിവിധ സ്ഥാപനങ്ങളിൽ നിന്നീടാക്കുന്ന ഫീസിൽ നിന്നാണ് ഇവർക്ക് വേതനം നൽകുന്നതെന്നും വ്യക്തമാക്കി. നേരത്തെ സിംഗിൾബെഞ്ച് ഇൗ വിശദീകരണത്തെത്തുടർന്ന് ഹർജി തള്ളിയിരുന്നു. തുടർന്നാണ് അപ്പീൽ നൽകിയത്.
2001 മുതൽ സർവകലാശാല 48 താത്കാലിക തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇതു നിലവിലുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. 48 യൂണിവേഴ്സിറ്റി അസിസ്റ്റന്റുമാരെ വേണമെന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നതെന്നും താത്കാലിക ഒഴിവുകളെന്ന പേരിൽ റാങ്ക് ലിസ്റ്റിലുള്ളവരെ തഴയുകയാണെന്നും ഹർജിക്കാരൻ വാദിച്ചു. റാങ്ക്‌ലിസ്റ്റിന്റെ കാലാവധി കഴിയും മുമ്പുണ്ടായ താത്കാലിക ഒഴിവുകളിലൊന്നിൽ പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. തുടർന്ന് ഇനി വരുന്ന താത്കാലിക ഒഴിവുകളിലൊന്നിൽ ഹർജിക്കാരനെ പരിഗണിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.