
കൊച്ചി: ലക്ഷദ്വീപ് തീരം ചേർന്ന് ബോട്ടുമാർഗമുള്ള ലഹരിക്കടത്തിൽ പിടിത്തമിടാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). രണ്ടാഴ്ചയ്ക്കിടെ മയക്കുമരുന്ന് കടത്തിയ രണ്ട് ബോട്ടുകൾ തീരസംരക്ഷണസേന പിടികൂടിയ സാഹചര്യത്തിലാണ് എൻ.ഐ.എ അന്വേഷണം ആരംഭിച്ചത്.
മിനിക്കോയ് ദ്വീപിനോട് ചേർന്ന് എ.കെ 47 തോക്കും 1,000 തിരകളും മുന്നൂറ് കിലോ ഹെറോയിനുമായി പോയ ബോട്ടാണ് ഒടുവിൽ തീരസംരക്ഷണ സേന പിടികൂടിയത്.
മാർച്ച് ഏഴിനും മൂന്ന് ബോട്ടുകൾ കുടുങ്ങിയിരുന്നു. പാകിസ്ഥാൻ ബോട്ടിൽ നിന്നു മയക്കുമരുന്നു വാങ്ങിയ ശേഷം ശ്രീലങ്കയിലേക്കുപോകുന്നതിനിടെയാണ് ഇവർ തീരസംരക്ഷണ സേനയുടെ വലയിലായത്. ഇതിൽ രണ്ട് ബോട്ടുകളെ പിന്നീട് വിട്ടയച്ചു.
മയക്കുമരുന്നു കടത്തിയതായി കരുതുന്ന 'ആകർഷ ദുവാ' എന്ന ബോട്ടിലുണ്ടായിരുന്നവർക്കെതിരെ കേന്ദ്ര നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ കേസെടുത്തിട്ടുണ്ട്. ബോട്ടിലെ ക്യാപ്റ്റനടക്കമുള്ള ആറു പേർ റിമാൻഡിലാണ്. പാകിസ്ഥാൻ ബോട്ടിൽ നിന്ന് വാങ്ങിയ 200 കിലോഗ്രാം ഹെറോയിനും 60 കിലോഗ്രാം ഹാഷിഷും ഉപഗ്രഹഫോണും കടലിലെറിഞ്ഞുവെന്നാണ് ഇവരുടെ മൊഴി.