കൊച്ചി: മോഹനവാഗ്ദാനങ്ങളുടെ കാലമാണ് തിരഞ്ഞെടുപ്പ്. 2016ൽ എല്ലാവ‌ർക്കും കുടിവെള്ളം എത്തിക്കുമെന്നുള്ള അവകാശവാദങ്ങൾ ഉന്നയിച്ചെങ്കിലും അവ പൂർണമായി നടപ്പായില്ലെന്ന് മാത്രമല്ല, പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അതിരൂക്ഷവുമാണ്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലത്ത് കിട്ടാക്കനിയായ കുടിവെള്ളം സുലഭമാകുമെന്ന പ്രതീക്ഷയിലാണ് കലൂർ പൊറ്റക്കുഴിയിലെ ജനങ്ങൾ.

ഒരുമാസമായി കുടിവെള്ളക്ഷാമത്തിൽ നട്ടംതിരിയുകയാണ് നാട്ടുകാർ. പൊറ്റക്കുഴി ഡിവിഷനിലെ 13 പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്. വെള്ളം കിട്ടാക്കനിയായതോടെ ജനങ്ങൾ ആർ.ഒ. പ്ലാന്റിൽ നിന്നു കിലോമീറ്ററോളം സഞ്ചരിച്ച് മറ്റ് പ്രദേശങ്ങളിലും പോയാണ് വെള്ളം എടുക്കു‌ന്നത്. കുടിക്കാൻ പോലും വെള്ളം ഇല്ലാത്തതിനാൽ വളരെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

കുടിവെള്ളപ്രശ്നം രൂക്ഷമായതോടെ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ജല അതോറിട്ടിയിലെ എല്ല വിഭാഗം അധികൃതർക്കും പരാതി നർകിയിരുന്നു. എന്നാൽ ഇതുവരെയും പരിഹാരം ഉണ്ടായിട്ടില്ല. ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കുന്നതിൽ ശ്രമിച്ചാലും ഒരു ടാങ്കർ ലോറി മാത്രമാണ് ജല അതോറിറ്റിക്ക് സ്വന്തമായുള്ളത്. അതിനാൽ എല്ലാ സ്ഥലങ്ങളിലും വെള്ളം എത്തിക്കുന്നതിന് സാധിക്കില്ല. 50 വർഷത്തിന് മേൽ പഴക്കമുള്ള പൈപ്പുകളാണ് ഇവിടെയുള്ളത്. ഇവ തുരുമ്പിച്ചതിനാൽ പമ്പ് ചെയ്യുന്ന വെള്ളം സുഗമമായി ഒഴുകി പോകില്ല. ഇതിൽ എവിടെയെങ്കിലും വെള്ളം തടസപ്പെട്ടിട്ടുണ്ടാകാം. ഇതാകാം വെള്ളം എത്താതിരിക്കാൻ കാരണമെന്നും ജല അതോറിറ്റി അധികൃതൽ അറിയിച്ചു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതൽ പറഞ്ഞു.

 വെള്ളം എവിടെയാണ് തടസപ്പെട്ടിരിക്കുന്നതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പൈപ്പ് കടന്നുപോകുന്ന സ്ഥലങ്ങൾ കുഴിച്ച് തകരാർ കണ്ടെത്താനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. പൈപ്പ് തുരുമ്പിച്ചതാണ് പ്രധാന കാരണം. അടുത്ത ദിവസം തന്നെ ഇത് പരിഹരിച്ച് വെള്ളം എത്തിക്കുന്നതിനുള്ള നടപടി ആരംഭിക്കും.

ഷാർളി

അസിസ്റ്റന്റ് എൻജിനീയർ

വാട്ടർ അതോറിറ്റി