pt-thomas

കൊച്ചി: പി.ടി. തോമസ് എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പടിയിറങ്ങിയിട്ട് വർഷം 40 കഴിഞ്ഞെങ്കിലും ഒരാവശ്യമുണ്ടെന്ന് അറിഞ്ഞാൽ കാമ്പസ് ചങ്ങാതിമാർ ഇപ്പോഴും ഓടിയെത്തും. കട്ടയ്ക്ക് കൂടെ നിൽക്കും. തിരഞ്ഞെടുപ്പ് കാലമാണെങ്കിൽ സ്കിറ്റും ഫ്ളാഷ്‌മോബും ഫിലിം ഫെസ്റ്റിവലുമായി പ്രചാരണത്തിന് മോടി കൂട്ടും.

നെതർലാൻഡിലെ ഇന്ത്യൻ അമ്പാസിഡറായിരുന്ന വേണു രാജാമണി, റിട്ടയേർഡ് ജഡ്‌ജിമാർ, പ്രൊഫസർമാർ, സിനിമാതാരങ്ങൾ, സാംസ്കാരികനായകർ എന്നിവരെല്ലാം ചങ്ങാതിക്കൂട്ടത്തിലെ കണ്ണികളാണ്. പഴക്കം കൂടുന്തോറും വീഞ്ഞിന്റെ വീര്യം വർദ്ധിക്കുന്നതുപോലെ പി​.ടി​യുടെ സൗഹൃദങ്ങളുടെയും മാധുര്യം കൂടുകയാണ്.

തലയെടുപ്പുള്ള നേതാവ്

ഇടുക്കിക്കാരനായ പി.ടി പ്രീഡിഗ്രിക്ക് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലും ഡിഗ്രിക്ക് തൊടുപുഴ ന്യൂമാൻസ് കോളേജിലും ആയിരുന്നു. 1977-79 കാലത്താണ് മഹാരാജാസിലെ എം.എ ഹിസ്റ്ററി പഠനം. അക്കാലത്ത് കെ.എസ്.യുവിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ്. സംഘടനാ പ്രവർത്തനമായിരുന്നു പ്രധാനം. പി.ജി കഴിഞ്ഞ് എറണാകുളം ലാ കോളേജിൽ എൽ.എൽ.ബിക്ക് ചേർന്നിട്ടും മഹാരാജാസിൽ സ്ഥിര സന്ദർശകനായി. ജീവിതപങ്കാളി ഉമയെ കണ്ടെത്തിയതും കാമ്പസിൽ നിന്നുതന്നെ.

പി.ടിയുടെ പഠനകാലത്ത് മഹാരാജാസിൽ നാലായിരത്തോളം വിദ്യാർത്ഥികളുണ്ട്. പ്രീഡിഗ്രിക്കാരുള്ളതിനാൽ കാമ്പസിന്റെ പുഷ്‌കലകാലമാണ്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെപ്പോലെ പി.ടി കാമ്പസിലൂടെ ഉലാത്തും. ഒപ്പം അനുയായികളുടെ കൂട്ടം.

പി.ടിയെക്കുറിച്ചുള്ള ഓർമയിൽ

പ്രീഡിഗ്രിക്കാർക്കിടയിലാവും സംഘം അധികസമയവും. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കുട്ടികളുമായി ചങ്ങാത്തം കൂടുകയാണ് ലക്ഷ്യം. കെ.എസ്.യുവിന് വോട്ട് ഉറപ്പിക്കാനുള്ള പ്രവർത്തനമാണ്. പി.ടിയുടെ വരവോടെ തങ്ങളുടെ പണി ഇരട്ടിച്ചെന്ന് മഹാരാജാസിലെ മുൻ എസ്.എഫ്.ഐ നേതാവു കൂടിയായ സി.ഐ.സി.സി ജയചന്ദ്രൻ ഓർമ്മിക്കുന്നു. അദ്ദേഹം ഒരു ദിവസം വന്നില്ലെന്ന് അറിഞ്ഞാൽ ആശ്വാസമാകും. എന്നാൽ സംഘടനാപ്രവർത്തനം കഴിഞ്ഞ് ഉച്ചയോടെ പി.ടി കാമ്പസിലേക്ക് കടന്നുവരുമ്പോൾ എതിരാളികളുടെ ആഹ്ളാദം അസ്തമിക്കും.

മികച്ച സംഘാടകനും പ്രാസംഗികനുമായ പിടി. മാന്യമായ പെരുമാറ്റത്തിലൂടെ കാമ്പസിനെ കൈയിലെടുത്തു. അത്ഭുതകരമായ ഉൗർജമാണ് അദ്ദേഹത്തിന്റെ സവിശേഷത. പി.ടിയും ജയചന്ദ്രനും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലമാരായിരുന്നു. നൂറു ശതമാനം രാഷ്‌ട്രീയക്കാരനാണ് പി.ടി .പക്ഷേ സഹപാഠികളായ എസ്. എഫ്. ഐക്കാരുടെ വീട്ടിലെ വിശേഷാവസരങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടാവും. ഇത്തവണ തൃക്കാക്കര മണ്ഡലത്തിൽ മത്സരിക്കുന്നെന്ന കാര്യം ആദ്യം അറിയിച്ചത് തന്നെയാണെന്ന് ജയചന്ദ്രൻ പറഞ്ഞു.