election

കൊച്ചി: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് മുസ്ളീം ലീഗിലും യു.ഡി.എഫിലും ഉയർന്ന അന്ത:ച്ഛിദ്രം മുതലാക്കാൻ എൽ.ഡി.എഫ്. തർക്കങ്ങൾ തീർന്ന് ഒറ്റക്കെട്ടായ ആശ്വാസത്തിൽ യു.ഡി.എഫ്. അട്ടിമറി പ്രതീക്ഷിച്ച് എൻ.ഡി.എ. ആരോപണങ്ങളും പ്രത്യാക്രമണങ്ങളുമായി കളമശേരി മണ്ഡലം രണ്ടാംഘട്ട പ്രചാരണത്തിലേയ്ക്ക്.

2011ൽ നിലവിൽ വന്നതു മുതൽ മുസ്ലീം ലീഗിന്റെ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ കെെകളിലാണ് മണ്ഡലം. പാലാരിവട്ടം ഫ്ളൈഓവർ അഴിമതിക്കേസിൽ മൂക്ക് കുത്തി വീണതോടെ മകൻ വി.ഇ. അബ്ദുൾ ഗഫൂറിനെ കളത്തിലിറക്കി. ഇത് തന്നെ ആയുധമാക്കിയാണ് മറ്റ് മുന്നണികളുടെ പ്രചാരണം.

കൊച്ചി നഗരത്തിന്റെ വ്യവസായ കേന്ദ്രമായ മണ്ഡലത്തിൽ പാലാരിവട്ടം അഴിമതി കേസ് യു.ഡി.എഫിന് അഗ്നിപരീക്ഷ തന്നെ. മുൻ എം.പി കൂടിയായ പി. രാജീവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. പി.എസ്. ജയരാജാണ് എൻ.ഡി.എ സ്ഥാനാർത്ഥി. അഴിമതിയും ആരോപണങ്ങളും പ്രചാരണം കൊഴുപ്പിക്കുമ്പോൾ കളമശേരിയുടെ ജനവിധി പ്രവചിക്കാൻ കഴിയില്ല.

കണയന്നൂർ താലൂക്കിലെ കളമശേരി, ഏലൂർ നഗരസഭകൾ, പറവൂർ താലൂക്കിലെ ആലങ്ങാട്, കടുങ്ങല്ലൂർ, കുന്നുകര, കരുമാല്ലൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കളമശേരി മണ്ഡലം.

കളമശേരിയുടെ വികസനം

കളങ്കമില്ലാത്ത കളമശേരി എന്ന മുദ്രാവാക്യമാണ് എൽ.ഡി.എഫ് മുറുകെപ്പിടിക്കുന്നത്. ഇടത് സർക്കാരിന്റെ പ്രവർത്തനങ്ങളുടെ മികവും പി. രാജീവിന്റെ വിജയത്തിന് വഴിതെളിക്കുമെന്നാണ് പ്രതീക്ഷ. മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന സി.കെ. പരീത് പറഞ്ഞു. രണ്ട് വട്ടം ഗൃഹസന്ദർശനവും വോട്ടഭ്യർത്ഥനയും പൂർത്തിയായി. ബൂത്ത് കൺവെൻഷനുകളും പൂർത്തികരിച്ചു. കുടുംബ യോഗങ്ങൾ നടത്തും. 25 ന് സ്ഥാനാർത്ഥിയുടെ തുറന്ന പര്യടനം ആരംഭിക്കും.

ഭൂരിപക്ഷം കൂടുമെന്ന്

പാലാരിവട്ടം പാലം കേസൊന്നും കളമശേരിയെ ബാധിക്കില്ലെന്നാണ് യു.ഡി.എഫിന്റെ നിലപാട്. പാലം അഴിമതി കേസിന്റെ സത്യാവസ്ഥ ജനങ്ങൾക്ക് അറിയാമെന്ന് നേതാക്കൾ പറയുന്നു. മുസ്ളീം ലീഗ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം നേടുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ സലാം പറഞ്ഞു. ജനങ്ങളുടെ ആവശ്യയങ്ങൾ തിരിച്ചറിഞ്ഞായിരുന്നു പ്രവർത്തനം. ഇനിയും അത് തുടരും. സ്ഥാനാർത്ഥിയുടെ മണ്ഡലപര്യടനം രണ്ടാം ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചു.

അഴിമതികൾ തുറന്നു കാണിക്കും

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹം വാങ്ങിയാണ് ബി.ഡി.ജെ.എസ് നേതാവ് പി.എസ്. ജയരാജ് പര്യടനം ആരംഭിച്ചത്. ഗൃഹസന്ദർശനവും പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയും തുടരുന്നു. പാലാരിവട്ടം പാലം അഴിമതിയോടൊപ്പം എൽ.ഡി.എഫ് സർക്കാരിന്റെ വീഴ്ചകളും പ്രദേശത്തെ പ്രധാന പ്രശ്നങ്ങൾക്കുള്ള പരിഹാരവും മുന്നോട്ടുവച്ചാണ് പ്രചാരണമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടത്ത് പറഞ്ഞു. തകരുന്ന വ്യവസായ മേഖലയും കാർഷികരംഗം മെച്ചപ്പെടുത്തലും ശബരിമല വിഷയവും എടുത്ത് പറയുന്നുന്നുണ്ട്. 22 ന് സ്ഥാനാർത്ഥിയുടെ വാഹനപ്രചാരണം ആരംഭിക്കും.

2016 വോട്ട് നില

വി.കെ. ഇബ്രാഹിം കുഞ്ഞ് (യു.ഡി.എഫ് ): 68,726

എ.എം. യൂസഫ് (എൽ.ഡി.എഫ് ): 56, 608

വി. ഗോപകുമാർ (എൻ.ഡി.എ): 24,244