തൃക്കാക്കര : കൊച്ചിയിലെ പ്രബലമായ ഭൂമാഫിയ സംഘം വീട് കൈയടക്കിയപ്പോൾ ദൈവപുത്രനേപ്പോലെ തങ്ങൾക്ക് മുന്നിൽ അവതരിച്ച പി.ടി തോമസ് എം.എൽ.എയേക്കുറിച്ച് പറയുമ്പോൾ ഷെറിനും കുടുംബത്തിനും നൂറ് നാവാണ്. പി.ടി തോമസ് വന്നില്ലായിരുന്നെങ്കിൽ നഗരത്തിലെ വീട് നഷ്ടമായേനെ. അദ്ദേഹം ഞങ്ങൾക്ക് പ്രിയപ്പെട്ടവനാണ്. ഷെറിനും കുടുംബവും പി.ടി തോമസിനെ ചേർത്ത് നിർത്തുന്നു.
കുവൈറ്റിൽ ഭർത്താവ് ജോമോനൊപ്പം കഴിയുന്ന ഷെറിൻ മാത്യുവിന്റെ ഇടപ്പളളി കണ്ണന്തോടത്ത് തൃക്കോവിൽ റോഡിലെ വീട് വാടകയ്ക്ക് നൽകിയതാണ്. വാടകക്കാരനെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്ഭവിച്ച കേസ് നടക്കുന്നതിനിടെയാണ് പ്രമുഖരാഷ്ട്രീയ നേതാവിന്റെയും അഭിഭാഷകന്റെയും നേതൃത്വത്തിൽ വ്യാജരേഖകൾ ചമച്ച് വീട് കൈയേറി സ്വന്തമാക്കിയത്. ചോദിക്കാനെത്തിയ പരിസരവാസികളെയും കേസുകളിൽ കുടുക്കി.
എളമക്കര പൊലീസിന്റെ മൗനാനുവാദത്തോടെ നടന്ന ഗുണ്ടാവിളയാട്ടത്തിന് മുന്നിൽ ഷെറിനും കുടുംബവും നിസഹായരായി നിൽക്കവേയാണ് പി.ടി തോമസ് വിഷയത്തിൽ ഇടപെടുന്നത്. നീതിക്കായുള്ള ജനകീയ പ്രക്ഷോഭത്തെ മുന്നിൽ നിന്ന് നയിച്ച പി.ടി തോമസിന്റെ പ്രതിഷേധത്തിന് മുന്നിൽ ഗുണ്ടകളെ അറസ്റ്റ് ചെയ്യാൻ പൊലീസ് നിർബന്ധിതരായി. വ്യാജരേഖകൾ സൃഷ്ടിച്ച് വീട് കൈക്കലാക്കാൻ ശ്രമിച്ചവർക്ക് കോടതിയിലും അടിപതറി. പൊലീസ് കേസുകളിലും പ്രതിയായി.
നഷ്ടപ്പെട്ടു എന്ന് കരുതിയ വീട് തിരികെ ലഭിച്ച സന്തോഷത്തിലാണ് വീട്ടുകാർ. ഷെറിന്റെയും ജോമോന്റെയും വീട്ടിൽ ഇന്നലെ ബന്ധുക്കൾ ഒരിക്കൽ കൂടി ഗൃഹപ്രവേശം നടത്തി. അവരുടെ സന്തോഷത്തിൽ പങ്കുചേരാൻ പി.ടി. തോമസും എത്തിയിരുന്നു.