ആലുവ: എൻ.ഡി.എ ആലുവ നിയോജക മണ്ഡലം കമ്മിറ്റിയിൽ ഘടക കക്ഷികളെ ബി.ജെ.പി അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ബി.ജെ.പിയിലെ ഉൾപ്പോരിന് പുറമെയാണ് ഘടക കക്ഷികളുടെ പരാതിയും ഉയരുന്നത്. മുന്നണിയെ നയിക്കുന്ന ബി.ജെ.പിക്ക് പുറമെ ബി.ഡി.ജെ.എസ്, എൽ.ജെ.പി കക്ഷികൾക്ക് മാത്രമാണ് മണ്ഡലത്തിൽ പ്രവർത്തകരുള്ളത്. ഇവരെ ഒരുമിച്ചുകൂട്ടിയുള്ള പ്രവർത്തനത്തിന് ബി.ജെ.പി നേതൃത്വം തയ്യാറാകുന്നില്ലെന്നാണ് പരാതി. കഴിഞ്ഞയാഴ്ച്ച നടന്ന എൻ.ഡി.എ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം, കഴിഞ്ഞ ദിവസം നടന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ, റോഡ് ഷോ എന്നീ പരിപാടികൾക്കൊപ്പം ബി.ഡി.ജെ.എസിന്റെ സാന്നിദ്ധ്യമുണ്ടായില്ല. അറിയിക്കാത്തതിനാൽ പങ്കെടുത്തില്ലെന്നാണ് ബി.ഡി.ജെ.എസ് നേതാക്കൾ പറയുന്നത്. എന്നാൽ ഓഫീസ് ഉദ്ഘാടനത്തിന് എൽ.ജെ.പിയിലെ ഒരു നേതാവിന് ക്ഷണമുണ്ടായതിനാൽ അദ്ദേഹം പങ്കെടുത്തു. മണ്ഡലത്തിൽ ഏറെ പ്രവർത്തരുള്ള പാർട്ടിയാണ് ബി.ഡി.ജെ.എസ്. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ബി.ഡി.ജെ.എസിന്റെ ജില്ലാ വൈസ് പ്രസിഡന്റാണ്. ഇദ്ദേഹത്തെ പോലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനമോ കൺവെൻഷനോ അറിയിച്ചില്ല. ഇതാണ് പ്രതിഷേധത്തിലേക്ക് വഴിതെളിച്ചത്.