ആലുവ: മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (യുണൈറ്റഡ്) സ്ഥാനാർത്ഥികൾ ആലുവ, പത്തനാപുരം മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം. ശ്രീകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ആലുവയിൽ പാർട്ടി ജില്ലാ സെക്രട്ടറി വിശ്വകലാ തങ്കപ്പനും പത്തനാപുരത്ത് കേന്ദ്ര കമ്മിറ്റിയംഗം പി. കൃഷ്ണമ്മാളുമാണ് മത്സരിക്കുന്നത്.
ജി. ബാബു കൺവീനറായി അടുത്തിടെ രൂപീകരിച്ച പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് എന്ന സമര മുന്നണിയുടെ പിന്തുണയോടെയാണ് എം.സി.പി.ഐ (യു) സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. എം.സി.പി.ഐ (യു)വിന് പുറമെ ആർ.എം.പി.ഐ, സി.പി.ഐ എം.എൽ റെഡ് ഫ്ളാഗ്, സി.എം.പി (മോനിച്ചൻ വിഭാഗം) എന്നീ പാർട്ടികളും ചില സന്നദ്ധ സംഘടനകളുമാണ് സമര മുന്നണിയിലുള്ളത്. അപ്പുക്കുട്ടൻ വള്ളിക്കുന്ന്, കെ.എം. ഷാജഹാൻ തുടങ്ങിയവരും മുന്നണിയുടെ ഭാഗമാണ്. വടകര മണ്ഡലത്തിൽ ആർ.എം.പി.ഐ.ഐ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും എം. ശ്രീകുമാർ പറഞ്ഞു. സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് കേന്ദ്ര കമ്മിറ്റിയംഗം പി.പി. സാജു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോസ് തോമസ്, എം. മീതിയൻപിള്ള എന്നിവരെ പുറത്താക്കിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനീസ് ജോർജ്, എ.പി. പോളി, സംസ്ഥാന കമ്മിറ്റിയംഗം കെ.എം. ജോർജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
നടപടി വിചിത്രം
കേന്ദ്രകമ്മിറ്റിയംഗത്തെ സംസ്ഥാന കമ്മിറ്റി പുറത്താക്കിയെന്ന് പറയുന്നത് വിചിത്രമാണെന്ന് എം.സി.പി.ഐ(യു)വിൽ നിന്നും അച്ചടക്ക നടപടിക്ക് വിധേയരായ പി.പി. സാജു, ജോസ് തോമസ്, എം. മീതിയൻപിള്ള എന്നിവർ പറയുന്നു. കേന്ദ്ര കമ്മിറ്റി യോഗം അടുത്തിടെയൊന്നും ചേർന്നിട്ടില്ല. സംസ്ഥാന കമ്മിറ്റിയംഗങ്ങൾക്കെതിരെ നടപടിയെടുക്കണമെങ്കിൽ കേന്ദ്ര കമ്മിറ്റിയുടെ നടപടി വേണം. ഇതും ഉണ്ടായിട്ടില്ലെന്നും മൂവരും പറഞ്ഞു.