
കൊച്ചി: അപ്രാണി കൃഷ്‌ണകുമാർ വധക്കേസിലെ രണ്ടാം പ്രതി പീലി ഷിബുവിനും അഞ്ചാം പ്രതി കരാട്ടെ സുരേഷിനും തിരുവനന്തപുരം അഡി. സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും പിഴയും ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതിയുടെ വിധിക്കെതിരെ ഇവർ നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ച് വിധി.
2007 ഫെബ്രുവരി 20 നാണ് അപ്രാണി കൃഷ്‌ണകുമാർ കൊല്ലപ്പെട്ടത്. വഞ്ചിയൂർ കോടതിയിലെ കേസിൽ വിചാരണ കഴിഞ്ഞു മടങ്ങിയ കൃഷ്‌ണകുമാറിനെ പ്രതികൾ ചാക്കയിൽ വച്ച് വാഹനം തടഞ്ഞു നിറുത്തി ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മണൽവാരലുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കരാട്ടെ സുരേഷിന് ഇരട്ട ജീവപര്യന്തം തടവുശിക്ഷയും നാലു ലക്ഷം രൂപ പിഴയും പീലി ഷിബുവിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ശിക്ഷയിൽ അപാകതയില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
പ്രതികളായ ഒാംപ്രകാശ്, അമ്പലമുക്ക് കൃഷ്‌ണകുമാർ, കൊച്ചുവാവ, ജമന്തി അരുൺ, പ്രശാന്ത്, വേണുക്കുട്ടൻ എന്നിവരെ ആദ്യത്തെ ഘട്ടത്തിൽ ശിക്ഷിച്ചിരുന്നു. ഇവരിൽ ഒാംപ്രകാശിനെയും പ്രശാന്തിനെയും പിന്നീട് ഹൈക്കോടതി വെറുതേ വിട്ടു. രണ്ടാം ഘട്ടത്തിലാണ് കരാട്ടെ സുരേഷ്, പീലി ഷിബു എന്നിവരെ ശിക്ഷിച്ചത്.