തൃക്കാക്കര: ഏയ് ഓട്ടോയെന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തെ കബളിപ്പിക്കുന്ന കുഞ്ചന്റെ നർമ്മം കലർന്ന അഭിനയചാരുത ഓർത്തെടുത്തും ഷൂട്ടിംഗ് അനുഭവം പങ്കുവച്ചും പ്രചാരണതിരിക്കിനിടയിൽ സൗഹൃദനിമിഷങ്ങൾ ആസ്വദിച്ച് തൃക്കാക്കര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സജി. ഇന്നലെ കടവന്ത്ര മേഖലയിൽ നടത്തിയ ഗൃഹ സമ്പർക്ക പരിപാടിയിലാണ് സിനിമാ താരം കുഞ്ചന്റെ വസതിയിലുമെത്തിയത്. സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് മടങ്ങാനൊരുങ്ങവെ ''ഏയ് വോട്ട്...'' എന്ന സ്ഥാനാർത്ഥിയുടെ ഓർമപ്പെടുത്തൽ പൊട്ടിച്ചിരിക്കിടയാക്കി.
ഇന്നലെ കടവന്ത്ര മേഖലയിൽ ആവേശോജ്ജ്വല സ്വീകരണം ഏറ്റുവാങ്ങിയായിരുന്നു സജിയുടെ പര്യടനം. വിഷുവിനും മുന്നെ പൂവിട്ട ഒരുപിടി കൊന്നപ്പൂക്കുലയുമായാണ് മറ്റൊരു ഗൃഹനാഥൻ സജിയെ സ്വീകരിച്ചത്. പൂക്കാതിരിക്കാനെനിക്കാവതില്ലല്ലോയെന്ന കവിതാ ശകലം ഓർത്തെടുത്ത സജിയ്ക്ക്, ഇത്തവണ കൊന്നപ്പൂവിന് പിന്നാലെ താമരയും വിടരുമെന്നായി ഗൃഹനാഥന്റെ ആശംസ. പഴന്തോട്ടം കനകധാരാ മഹാലക്ഷ്മി ക്ഷേത്രം ഭരണസമിതി ഭാരവാഹി പി.കെ വെങ്കിട്ടരാമൻ കനകധാരാ മാല അണിയിച്ചാണ് സജിയെ സ്വീകരിച്ചത്.