മൂവാറ്റുപുഴ: നടുക്കര അഗ്രോ പ്രോസസിംഗ് കമ്പനി രാഷ്ട്രിയവത്ക്കരണത്തിലൂടെ തകർക്കാൻ ശ്രമിക്കുകയാണെന്ന് മുൻ ചെയർമാൻ പോൾ മാത്യു, മുൻ ഫിനാൻസ് ഡയറക്ടർ കെ.നാരായണൻ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു. 2000ൽ കമ്പനി നിയമ പ്രകാരം തുടങ്ങി പ്രവർത്തനം ആരംഭിച്ചതാണ്. 70 ശതമാനം ഓഹരി കർഷകർക്കും 30 ശതമാനം ഓഹരി ഗവൺമെന്റിനും എന്ന പ്രകാരമായിരുന്നു കമ്പനിയുടെ ഓഹരി വിഹിതം നിശ്ചയിച്ചിരുന്നത്. കമ്പനിയുടെ ഭരണസമിതി അംഗങ്ങളായി ഏഴ് കർഷക പ്രതിനിധികളും മൂന്ന് സർക്കാർ പ്രതിനിധികളും ഒരു മാനേജിംഗ് ഡയറക്ടറുമാണ് ഉണ്ടായിരുന്നത്. 2005 വരെ കമ്പനി നഷ്ടത്തിലാണ് പ്രവർത്തിച്ചു വന്നിരുന്നത്. ആ കാലത്ത് അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ ചെയർമാനായുള്ള ബോർഡിന്റെ നിയന്ത്രണത്തിലായിരുന്നു കമ്പനി. 2006 സെപ്തംബറിലാണ് കർഷക പ്രതിനിധി ചെയർമാനായുള്ള ബോർഡിന്റെ ഭരണത്തിൻ കീഴിൽ കമ്പനി വന്നത്. തുടർന്ന് കമ്പനി നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് വന്ന യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കമ്പനിയുടെ പ്രവർത്തനം താറുമാറായി. പിന്നീട് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നെങ്കിലും കർഷകരെ പറഞ്ഞുപറ്റിക്കുകയായിരുന്നു. കമ്പനി ലാഭത്തിലാക്കി കർഷകർക്ക് തിരികെ നൽകുമെന്ന വാഗ്ദാനമായിട്ടാണ് എൽദോ ഏബ്രഹാം അന്ന് വോട്ട് തേടിയത്. തിരഞ്ഞെടുപ്പിൽ വിജയം കണ്ടെങ്കിലും വാഗ്ദാനം പാലിച്ചില്ലെന്നും ഇവർ ആരോപിച്ചു.