കൊച്ചി: സാനിറ്റൈസർ ദേഹത്തു വീണതിനു പിന്നാലെ തീപ്പിടിത്തമുണ്ടായി ഗുരുതരമായി പൊള്ളലേറ്റ യുവാവിന് വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ ചികിത്സയിൽ പുതുജീവൻ. തൃശൂർ വെങ്ങിണിശേരി സ്വദേശി എം .എസ് .സുമേഷിന് (22) കഴിഞ്ഞ 25നാണ് പൊള്ളലേറ്റത്.
പെയിന്റിംഗ് ജോലിക്കു ശേഷം സാനിറ്റൈസർ ഉപയോഗിച്ച് ശരീരം വൃത്തിയാക്കിയ സുമേഷ് ദേഹത്തു സാനിറ്റൈസർ വീണത് ശ്രദ്ധിച്ചിരുന്നില്ല. തുടർന്ന് ഓട്ടോയിൽ കയറി ചന്ദനത്തിരി കത്തിച്ചതാണ് തീ പിടിയ്ക്കാൻ കാരണമായത്. 40 ശതമാനത്തിലേറെ പൊള്ളലേറ്റ യുവാവിന് വി.പി.എസ് ലേക്‌ഷോറിലെത്തുമ്പോൾ നടക്കാനും ഭക്ഷണം കഴിയ്ക്കാനും സാധിക്കാത്ത നിലയിലായിരുന്നു . അണുബാധയ്ക്കുള്ള സാദ്ധ്യതയായിരുന്നു മറ്റൊരു ഭീഷണി.
സ്‌കിൻ ഗ്രാഫ്റ്റിംഗ് ശസ്ത്രക്രിയയിലൂടെ പൊള്ളലേറ്റ ചർമം നീക്കി കാലിലെ ചർമം വച്ചുപിടിപ്പിച്ചു. ഓരോ ദിവസവും ഇടവിട്ട് ഡ്രെസ്സിംഗ് ചെയ്തു. ഏഴാം ദിവസം മുതൽ യുവാവ് നടക്കാനും വ്യായാമം ചെയ്യാനും തുടങ്ങി. പൊള്ളലേറ്റ് 48 മണിക്കൂറിനുള്ളിൽ കൃത്യമായ ചികിത്സ ലഭിച്ചതിനാൽ അംഗവൈകല്യങ്ങൾ ഒഴിവാക്കാനായി. 14 ദിവസത്തെ ചികിത്സയ്ക്കു ശേഷം യുവാവിനെ ഡിസ്ചാർജ് ചെയ്തു. കൊവിഡ് ഭീഷണി തുടരുന്നതിനാൽ സാനിറ്റൈസർ ഉപയോഗം ഒഴിച്ചു കൂടാത്തതാണെങ്കിലും കൈകാര്യം ചെയ്യുമ്പോൾ അതീവശ്രദ്ധ പുലർത്തണമെന്നും തീയുമായി സമ്പർക്കം വരാതെ നോക്കണമെന്നും പ്ലാസ്റ്റിക് സർജറി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. പോൾ ജോർജ് പറഞ്ഞു.