
കൊച്ചി: ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് കോസ്റ്റ് ഗാർഡ് ഹെറോയിനും എ.കെ. 47 തോക്കുമായി പിടികൂടിയ ബോട്ടുകൾ അടുത്ത ദിവസം വിഴിഞ്ഞത്ത് കൊണ്ടുവരും. ആയുധം പിടികൂടിയ സാഹചര്യത്തിൽ ബോട്ടുകൾ ഏത് അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന് കോസ്റ്റ് ഗാർഡ് തീരുമാനിക്കും.
കോസ്റ്റ് ഗാർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടികൂടിയവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
പാകിസ്ഥാനിൽ നിന്ന് കപ്പലിൽ എത്തിച്ച തോക്കും ഹെറോയിനും ബോട്ടുകൾക്ക് കൈമാറിയെന്നാണ് സൂചന. ഇവ ഇന്ത്യയിലേക്കാണോ ശ്രീലങ്കയിലേക്കാണോ കടത്താൻ ശ്രമിച്ചതെന്ന് അന്വേഷിച്ചുവരികയാണ്. അതിനുശേഷമാകും ഏത് ഏജൻസിക്ക് ബോട്ടും ആയുധങ്ങളും ഹെറോയിനും വിട്ടുനൽകണമെന്ന് തീരുമാനിക്കുക. വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷനിലായിരിക്കും ഇവ കൊണ്ടുവരികയെന്ന് അധികൃതർ അറിയിച്ചു.