ആലുവ: ജലസേചന കനാലിനോട് ചേർന്ന റോഡിന് സംരക്ഷണ കൈവരികളില്ലാത്തത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. കരുമാലൂർ പഞ്ചായത്തിലെ തടിക്കകടവ് കവലയിൽ നിന്ന് പാലത്തിലേക്കുള്ള റോഡിനാണ് കൈവരികൾ സ്ഥാപിക്കാത്തത്.
റോഡിനോട് ചേർന്ന് വീതികൂടിയ കനാലാണുള്ളത്. റോഡ് കാലങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുകയായിരുന്നു. ജനകീയ പ്രതിഷേധമുയർന്നതിനെ തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നവീകരിച്ചത്. നേരത്തെ റോഡിനും കനാലിനും ഇടയിൽ ഒരുപാട് സ്ഥലമുണ്ടായിരുന്നു. മാത്രമല്ല, കനാലിന് റോഡിനേക്കാൾ കുറച്ച് ഉയരവുമുണ്ടായിരുന്നു. നവീകരണത്തിന്റെ ഭാഗമായി റോഡ് ഉയരം കൂട്ടി ടൈൽവിരിച്ചതോടെ കനാലിനോട് ചേർന്നായി റോഡും. ചില ഭാഗത്ത് കനാലിനേക്കാൾ ഉയരം കൂടുകയും ചെയ്തു. എന്നാൽ, കനാലിനും റോഡിനും ഇടയിൽ കൈവരികൾ സ്ഥാപിച്ചതുമില്ല. അതിനാൽ വാഹനങ്ങൾ കനാലിലേക്ക് തെന്നി മറിയാനുള്ള സാധ്യത കൂടുതലാണ്. മഴയുള്ള സന്ദർശങ്ങളിൽ ടൈൽ വിരിച്ച റോഡിൽ വാഹനങ്ങൾ കൂടുതലായി തെന്നി മറിയാനിടയുണ്ട്.
പാലത്തിനപ്പുറം കുന്നുകര പഞ്ചായത്തിലെ അടുവശേരിയിൽ റോഡ് നവീകരണം അവസാന ഘട്ടത്തിലാണ്. ഇത് പൂർത്തിയായാൽ ഇതുവഴി വാഹനങ്ങളുടെ തിരക്കേറും. ഈ റോഡ് പരിചയമില്ലാത്ത യാത്രക്കാർ രാത്രിസമയങ്ങളിൽ വരുമ്പോളും അപകടങ്ങൾക്കിടയാക്കും. തടിക്കക്കടവ് പാലം യാഥാർത്ഥ്യമായതോടെ ആലുവയിൽ നിന്നും എളുപ്പത്തിൽ അടുവാശേരിയിലേക്ക് പോകാൻ കഴിയുന്നതിനാൽ നിത്യേന ഇതുവഴി നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്.