pin

കൊച്ചി: കേന്ദ്ര അന്വേഷണ ഏജൻസികളും സർക്കാരും തമ്മിലുള്ള പോരിന് മറ്റൊരു മാനം നൽകി, മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ഗൂഢാലോചന ഉൾപ്പെടെ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. നിയമപരമായി നേരിടുമെന്ന് ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.

സ്വർണക്കടത്തിന് മുഖ്യമന്ത്രി പ്രേരിപ്പിച്ചുവെന്ന് മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം നടത്തിയ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിച്ചത് കേട്ടെന്ന സ്വപ്നയുടെ സുരക്ഷാചുമതലുള്ള പൊലീസുകാരി​കളുടെ മൊഴി​യും നിർണായകമായി​.ശബ്ദം തന്റേതാണെന്നു ജയിൽ അധികൃതർക്കു സ്വപ്ന സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നു.

കേസെടുക്കാമെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെ നിയമോപദേശം കഴിഞ്ഞ ദിവസം സർക്കാരി​ന് ലഭിച്ചിരുന്നു.

സ്വപ്നയുടെ ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ടത് ഇ.ഡി തന്നെയാണ്.

# എഫ്.ഐ.ആർ. എറണാകുളത്ത്

എറണാകുളം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെയാണ് ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈ.എസ്.പി എൻ.ജീജി എഫ്.ഐ.ആർ സമർപ്പിച്ചത്. സ്വപ്ന സുരേഷിനെ കഴിഞ്ഞ ആഗസ്റ്റ് 12 നും 13 നും ചോദ്യം ചെയ്തപ്പോൾ മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നൽകി കളവായി തെളിവുണ്ടാക്കാൻ മാനസികസമ്മർദ്ദം ചെലുത്തി പ്രേരിപ്പിച്ചെന്നാണ് കുറ്റം.

ആറു വകുപ്പുകൾ,

ഏഴുവർഷം തടവ്

മൂന്നു മുതൽ ഏഴുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ആറു വകുപ്പുകളാണ് ചുമത്തിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കൽ (വകുപ്പ് 116), ഗൂഢാലോചന (167 ബി), ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെ ഉദ്യോഗസ്ഥർ തെറ്റായ രേഖകളുണ്ടാക്കൽ (167), രേഖകളിൽ തെറ്റായ വിവരങ്ങൾ ചേർക്കൽ (192), വ്യാജതെളിവ് ചമയ്ക്കൽ (193), വ്യാജതെളിവ് നൽകാൻ ഭീഷണിപ്പെടുത്തൽ (195 എ)

# അന്വേഷണം അട്ടിമറിക്കാനെന്ന് ഇ.ഡി

സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസുകളുടെ അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഇ.ഡി പ്രതികരിച്ചു. സമ്മർദം ചെലുത്തിയാണ് മൊഴി എടുത്തതെന്ന് സ്വപ്‌നാ സുരേഷ് പരാതിപ്പെട്ടിട്ടില്ല. കേസ് നിലനിൽക്കില്ല. ഉദ്യോഗസ്ഥർക്ക് എതിരായ മൊഴിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടാകാം. വ്യാജ മൊഴി നൽകിയ വനിതാ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഇ.ഡി കത്ത് നൽകിയിരുന്നു.

അന്വേഷണ സംഘത്തിനു സുരക്ഷ വേണമെന്ന് ഇ.ഡി​ കേന്ദ്ര ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടി​ട്ടുണ്ട്.