കൊച്ചി: കഷ്ടപ്പെട്ട് മോഷ്ടിച്ചു. അപ്പോൾ സി.സി.ടിവി രക്ഷിച്ചു. എന്നാൽ മനസലിവുകൊണ്ട് മോഷണമുതൽ തിരിച്ചുവയ്ക്കാനെത്തിയപ്പോൾ കാമറ എല്ലാം കണ്ടു. പിന്നാലെ പൊലീസെത്തി കൈയോടെ പൊക്കി ! എറണാകുളം പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിൽ മോഷണം നടത്തിയ കടവന്ത്രയിൽ താമസിക്കുന്ന നാല് ബംഗാളി​കൾക്കാണ് പശ്ചാത്താപം പാരയായത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ക്ഷേത്രത്തിന്റെ മുൻവശത്തുള്ള ദീപസ്തംഭത്തിലെ ഓട് കൊണ്ടു നിർമിച്ച നാല് വിളക്കു തട്ടുകൾ മോഷണം പോയത്. എന്നാൽ അന്ന് സി.സി.ടി.വി തകരാറിലായതിനാൽ പ്രതികളെ കണ്ടെത്താനായില്ല.സി.സി.ടിവി ഉടൻ ശരിയാക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾക്ക് പൊലീസ് നിർദേശം നൽകിയിരുന്നു. കേസ് അന്വേഷണം പിന്നീട് ഇഴിഞ്ഞു. ഇതിനിടെ ക്ഷേത്രഭാരവാഹികൾ സി.സി.ടിവി ശരിയാക്കി. എന്നാൽ ഇതൊന്നും അറിയാതെ ഇന്നലെ പുലർച്ചെ 2.49നാണ് മതിൽ ചാടിയെത്തിയ ചെറുപ്പക്കാരൻ മോഷണമുതൽ ചാക്കിൽ കെട്ടി ക്ഷേത്ര നടയിൽ തിരികെ കൊണ്ടു വന്നു വയ്ക്കുന്നത്. രാവിലെ മോഷണ മുതൽ തിരികെ കിട്ടിയ സന്തോഷണത്തിൽ ഭാരവാഹികൾ ഇക്കാര്യം പൊലീസിനെ അറിയിച്ചു.പൊലീസ് എത്തി സി.സി.ടിവി വീണ്ടും പരിശോധിച്ചതോടെയാണ് മോഷണ മുതൽ തിരികെ വന്ന വഴി മനസിലായത്. കടവന്ത്രയിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയായ പതിനഞ്ചുകാരനാണ് സി.സി.ടി.വി. ദൃശ്യത്തിലുള്ളതെന്ന് പൊലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ മറ്റു മൂന്ന് പേരെ കൂടി പൊലീസ് പിടികൂടുകയായിരുന്നു. സുൽത്താൻ അലി, ഈദുൽ അലി, മുഹമ്മദ് നിജാൻ എന്നിവരാണ് അറസ്റ്റിലായത്.