കോലഞ്ചേരി: പട്ടിമറ്റത്തെ വ്യാപാര സ്ഥാപനം പൂട്ടി വീട്ടിലേയ്ക്ക് മടങ്ങിയ യുവതിയുടെ സ്കൂട്ടർ തടഞ്ഞ് തലക്കടിച്ച് പരിക്കേല്പിച്ച് വാഹനം കവർന്നു. ഇന്നലെ രാത്രി 9 മണിയോടെ പട്ടിമറ്റം കോലഞ്ചേരി റോഡിൽ പുത്തൻകോട്ട അമ്പലത്തിലേക്ക് പോകുന്ന വഴിയിലാണ് സംഭവം. പട്ടിമറ്റം അനിൽ വിഹാറിൽ ജ്യോതി (40) യെ ആണ് അക്രമിച്ചത്. പട്ടിമറ്റം നിഷ ഫാഷൻ വേൾഡലെ ജീവനക്കാരിയാണ്. ഇവരുടെ വാഹനത്തിൽ മൊബൈൽ ഫോണും 15000 രൂപയുമുണ്ടായിരുന്നതായി കുന്നത്തുനാട് പൊലീസിനു മൊഴി നല്കിയിട്ടുണ്ട്. സ്ഥിരമായി വീട്ടിലേയ്ക്ക് പോകുന്ന വഴിയാണിത്. ആൾ താമസമില്ലാത്ത സ്ഥലത്താണ് സംഭവം നടന്നത്. റോഡിലൂടെ നടന്ന് വന്ന രണ്ടു പേർ വാഹനം തടഞ്ഞ് തലക്കടിച്ച് വീഴിക്കുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തലക്ക് പരിക്കേറ്റില്ല. കുന്നത്തുനാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.