കൊച്ചി: തിരഞ്ഞെടുപ്പിനെച്ചൊല്ലി കോൺഗ്രസിലുയർന്ന അസ്വസ്ഥതകൾക്ക് പിന്നാലെ ജില്ലയിലെ രണ്ടു നേതാക്കൾ കൂടി രാജിവച്ചു. ഐ.എൻ.ടി.യു.സി നേതാവ് ഷെരീഫ് മരയ്ക്കാർ, കെ.പി.സി.സി വിചാർ വിഭാഗ് നേതാവ് ബേബി വൈ. കിരീടത്തിൽ എന്നിവരാണ് രാജിവച്ചത്.

ഐ.എൻ.ടി.യു.സി മുൻസംസ്ഥാന പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന വി.പി. മരയ്ക്കാരുടെ മകനാണ് ഷെരീഫ്. കളമശേരി സീറ്റ് വീണ്ടും മുസ്ളീം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ചാണ് ഷെരീഫിന്റെ രാജി. കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം മുതിർന്ന നേതാക്കൾ തള്ളിയ സാഹചര്യത്തിലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.

എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജ് മുൻ ചെയർമാനാണ് ബേബി വൈ. കിരീടത്തിൽ. 40 വർഷമായ അംഗത്വം രാജിവച്ച് പി.സി. ചാക്കോയ്ക്കൊപ്പം എൻ.സി.പിയിൽ ചേരുമെന്ന് അദ്ദേഹം അറിയിച്ചു.