election

കൊച്ചി: കൊച്ചിയുടെ ഹൃദയം കവരാനുള്ള പോരാട്ടത്തിലാണ് മൂന്ന് മുന്നണികളും. മണ്ഡലം ചുവപ്പിച്ച് നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് എൽ.ഡി.എഫ്. സിറ്റിംഗ് എം.എൽ.എ കെ.ജെ. മാക്സി. മണ്ഡലത്തിൽ മൂവർണക്കൊടി വീണ്ടും പാറിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. കൊച്ചിയുടെ മുൻ മേയർ ടോണി ചമ്മണിയാണ് യു.ഡി.എഫ് പോരാളി. കേന്ദ്ര സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ഊന്നിപ്പറഞ്ഞാണ് എൻ.ഡി.എയുടെ സി.ജി. രാജഗോപാലിന്റെ പ്രചാരണം. അട്ടിമറിയാണ് എൻ.ഡി.എ. ലക്ഷ്യം.

രണ്ടാംഘട്ട പ്രചാരണ തിരക്കിലാണ് മാക്സി. കൊച്ചി എൽ.എഡി.എഫിനെ കൈവിടില്ലെന്ന് മാക്സി പറഞ്ഞു. മണ്ഡലം തിരിച്ചുപിടിക്കാമെന്ന ഉറച്ചവിശ്വാസമുണ്ടെന്ന് ടോണി ചമ്മണി പറഞ്ഞു.

പൊതുവെ യു.ഡി.എഫിനോട് ചാഞ്ഞുനിന്നിരുന്ന മട്ടാഞ്ചേരി മണ്ഡലം കൊച്ചിയായി മാറിയശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും ഇരുമുന്നണികളും വിജയകിരീടം ചൂടി. യു.ഡി.എഫ് ഘടകക്ഷിയായ മുസ്ളീം ലീഗാണ് 1967 മുതൽ വിജയിച്ചത്. പിന്നീട് കൊച്ചി ആയതോടെ സീറ്റ് കോൺഗ്രസ് തിരിച്ചെടുത്തു. 2011 ൽ കോൺഗ്രസ് സ്ഥാനാർത്ഥി ഡൊമിനിക് പ്രസന്റേഷൻ വിജയിച്ചെങ്കിലും 2016 ൽ സി.പി.എമ്മിലെ കെ.ജെ.മാക്‌സിയോട് അടിയറവ് പറയുകയായിരുന്നു. മണ്ഡലത്തിലെ എം.എൽ.കൂടിയായ കെ.ജെ. മാക്സിയെ അടിയറവ് പറയിപ്പിക്കുക എന്നതാണ് ഇരുമുന്നണികളുടെയും ലക്ഷ്യം.

പ്രചാരണത്തിന് മുതിർന്ന നേതാക്കളെത്തും

മൂന്ന് മുന്നണികളുടെയും പ്രചാരണം കൊഴുപ്പിക്കാൻ മുതിർന്ന നേതാക്കൾ അടുത്ത ദിവസങ്ങളിൽ എത്തും. യു.ഡി.എഫിന്റെ പ്രചരണാർത്ഥം നാളെ ഫോർട്ടുകൊച്ചിയിൽ രാഹുൽ ഗാന്ധിയും എൽ.ഡി.എഫിന്റ പ്രചാരണത്തിനായി 22 ന് കെ.കെ. ഷൈലജയും 27 ന് മുഖ്യമന്ത്രിയും എത്തും. എൻ.ഡി.എയുടെ പ്രചാരണത്തിന് കേന്ദ്രമന്ത്രി അമിത് ഷായും എത്തുമെന്നും നേതൃത്വം അറിയിച്ചു.


വികസനം തുടരും

മണ്ഡലത്തിലെ വികസന തുടർച്ചയാണ് ലക്ഷ്യമെന്ന് മണ്ഡലം എൽ.ഡി.എഫ്. ചെയർമാൻ ഭാസ്കരൻ പറഞ്ഞു. ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ കെ.ജെ. മാക്സിയെ വിജയത്തിൽ എത്തിക്കും. പ്രമുഖ വ്യക്തികളെയും ഭവനങ്ങളും സന്ദർശിച്ചു. മണ്ഡലം പര്യടനം ആരംഭിച്ചു. ബൂത്ത് കൺവൻഷനുകൾ തീർന്നാൽ സ്‌ക്വാാഡ് പ്രവർത്തനം ആരംഭിക്കും.

അതൃപ്തി വോട്ടാകും

സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണ്. ആഴക്കടൽ മത്സ്യബന്ധന കരാറും പി.എസ്.സി. പിൻവാതിൽ നിയമനങ്ങളും യുവാക്കളിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഇതെല്ലാം ടോണി ചമ്മിണിയുടെ വിജയത്തിന് വഴിവയ്ക്കുമെന്ന് യു.ഡി.എഫ് മണ്ഡലം ചെയർമാൻ അഗസ്റ്റസ് സിറിൾ പറഞ്ഞു. ജനങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. മത്സ്യത്തൊഴിലാളികളിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ഭവന സന്ദർശനം തുടരുകയാണ്. ബൂത്ത് കൺവൻഷൻ അവസാനിച്ചു. 23 ന് പര്യടനം ആരംഭിക്കും.

കേന്ദ്രപദ്ധതി നടപ്പിലാക്കും.

ഇരുമുന്നണികളുടെയും ഭരണത്തിൽ ജനങ്ങൾക്ക് നഷ്ടമായ വിശ്വാസം എൻ.ഡി.എയെ തുണയ്ക്കുമെന്ന് ചെയർമാൻ എൻ.എസ്. സുമേഷ് പറഞ്ഞുഅറിയിച്ചു. മത്സ്യത്തൊഴിലാളി മേഖലകളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഭവനസന്ദർശനം ഇന്ന് ആരംഭിക്കും. സ്ഥാനാർത്ഥിപര്യടനം 22ന് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചെറിയ മണ്ഡലം

സംസ്ഥാനത്തെ ഏറ്റവും ചെറിയ നിയമസഭ മണ്ഡലമായിരുന്ന മട്ടാഞ്ചേരിയുടെ വിസ്തീർണം വർദ്ധിപ്പിച്ചാണ് കൊച്ചി മണ്ഡലം രൂപീകരിച്ചത്. കൊച്ചി താലൂക്കിലെ കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും കൊച്ചി നഗരസഭയുടെ 4 ഡിവിഷനുകളും ഉൾപ്പെടുന്നതാണ് കൊച്ചി.

2016 ലെ വോട്ട് നില

കെ.ജെ.മാക്സി (LDF ) 47967

ഡൊമനിക് പ്രസന്റേഷൻ ( UDF ) 46,881

പ്രവീൺ ദാമോദര പ്രഭു (NDA) 15,212